നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് മതിയായ തെളിവില്ല; ഹാദിയ കേസ് അന്വേഷണം അവസാനിപ്പിച്ച് എന്‍.ഐ.എ

ഹാദിയ കേസ് അവസാനിപ്പിക്കാന്‍ എന്‍.ഐ.എ തീരുമാനം. നിര്‍ബന്ധിത മത പരിവര്‍ത്തനം നടന്നതിന് മതിയായ തെളിവില്ലാത്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി തീരുമാനിച്ചത്. ഇത് സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ടുകളൊന്നും സമര്‍പ്പിക്കുന്നില്ലെന്നും എന്‍.ഐ.എ വ്യക്തമാക്കി. ഹാദിയ, ഷെഫിന്‍ ജഹാന്‍ വിവാഹത്തിന് ലവ് ജിഹാദിന്റെയൊ നിര്‍ബന്ധപൂര്‍വ്വമുള്ള മതപരിവര്‍ത്തനത്തിന്റെയൊ സ്വഭാവമില്ലെന്നും തീവ്രവാദ ബന്ധമില്ലെന്നും എന്‍.ഐ.എ പറഞ്ഞു. പെണ്‍കുട്ടികളെ കാണാതായത് അടക്കം പതിനൊന്ന് കേസുകള്‍ കൂടി പരിശോധിച്ചെങ്കിലും പ്രോസിക്യൂഷന്‍ നടപടിക്ക് ആവശ്യമായ മൊഴിയോ സാഹചര്യതെളിവുകളോ എന്‍.ഐ.എയ്ക്ക് ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് ദേശിയ അന്വേഷണ ഏജന്‍സി കേസ് അവസാനിപ്പിക്കുന്നത്. ഷഫിന്‍ ജഹാന് നേരെ ആരോപിക്കപ്പെട്ടിരുന്ന തീവ്രവാദ ബന്ധം സംബന്ധിച്ചും നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം എന്‍.ഐ.എ അന്വേഷണം തുടരുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here