തോട്ടം, കാര്‍ഷികാദായ നികുതികള്‍ ഒഴിവാക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

സംസ്ഥാനത്തെ തോട്ടം മേഖലയിലെ നികുതിയും കാര്‍ഷികാദായ നികുതിയും ഒഴിവാക്കണമെന്ന തീരുമാനം വേഗത്തില്‍ നടപ്പിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളെ കെട്ടിട നികുതിയില്‍ നിന്ന് ഒഴിവാക്കും. എസ്‌റ്റേറ്റിലെ മരങ്ങള്‍ മുറിച്ച് മാറ്റി പുതിയവ നടുന്നതിനുളള എല്ലാ തടസ്സങ്ങളും നീക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്വന്തം വീടില്ലാത്ത തോട്ടം തൊഴിലാളികള്‍ക്ക് ലൈഫ് പദ്ധതിയില്‍ പെടുത്തി വീട് നിര്‍മിച്ച് നല്‍കും. ഈ പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ ഭൂമി വിട്ടു നല്‍കാമെന്ന് തോട്ടം ഉടമകള്‍ ചേര്‍ന്ന യോഗത്തില്‍ സമ്മതിച്ചു. വീട് നിര്‍മാണത്തിനുള്ള ചെലവിന്റെ 50 ശതമാനം സര്‍ക്കാരും 50 ശതമാനം തോട്ടം ഉടമകളും വഹിക്കും.
ഉപേക്ഷിക്കപ്പെട്ടതോ പ്രവര്‍ത്തനരഹിതമായി കിടക്കുന്നതോ ആയ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുകയോ തൊഴിലാളി സഹകരണ സംഘങ്ങളെ ഏല്‍പ്പിക്കുകയോ ചെയ്യും. ഇക്കാര്യം തോട്ടം ഉടമകളുമായുളള യോഗത്തിലും മുഖ്യമന്ത്രി വ്യക്തമാക്കി. തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടികളുടെ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ വേതനം കാലോചിതമായി പരിഷ്‌കരിക്കാന്‍ തൊഴില്‍ വകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വേതനം വര്‍ധിപ്പിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയില്‍ തോട്ടം ഉടമകളുടെ പ്രതിനിധികള്‍ സമ്മതിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here