‘അമിത് ഷായ്ക്ക് കേരളത്തില്‍ വരുമ്പോള്‍ മതിഭ്രമം വരാറുണ്ട്’: പിണറായി വിജയന്‍

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് കേരളത്തില്‍ എത്തുമ്പോള്‍ മതിഭ്രമം വരാറുണ്ടെന്നും എന്ത് കാര്യമാണ് പറയുന്നതെന്ന് വ്യക്തതയില്ലാതെയാണ് അദ്ദേഹം സംസാരിക്കാറെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ കാര്യങ്ങള്‍ വസ്തുതാപരമായി സംസാരിക്കാന്‍ പഠിക്കണമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പാലക്കാട് നടക്കുന്ന പി.കെ.എസ് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കണ്ണൂരിലെത്തിയ അമിത് ഷാ വസ്തുതാപരമല്ലാത്ത പല കാര്യങ്ങളും സംസാരിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. അമിത് ഷായുടെ വാക്ക് കേട്ട് ഏതെങ്കിലും സംഘപരിവാറുകാരന് ഇവിടെ കളിച്ചുകളയാമെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് ഏറ്റവും മോശം കളിയാകുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമലയെ അതിന്റെ പാവനമായ അവസ്ഥയില്‍ പരിപാലിക്കണമെന്നാണ് സര്‍ക്കാറിന്റെ തീരുമാനം. അവിടെ അക്രമങ്ങള്‍ അനുവദിക്കില്ല. അക്രമം നടത്താന്‍ തുനിഞ്ഞിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ആരാധിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഒരുപോലെ ഉണ്ട് എന്നാണ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ നിലപാട്. അതനുസരിച്ച് എല്ലാ ഭക്തന്‍മാര്‍ക്കും ആരാധിക്കാനുള്ള സൗകര്യം ഒരുക്കും. അതിന് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. മനുഷ്യനാണ് ഇവിടെ പ്രാധാന്യം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പിന്നാലെ കൊച്ചി ദേവസ്വം ബോര്‍ഡിലും അബ്രാഹ്മണരായ പൂജാരികളെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും അതിന്റെ അടിസ്ഥാനത്തിലാണ്. പൂജാകര്‍മാധികള്‍ ചെയ്യാന്‍ അറിയുമോ എന്നത് മാത്രമാണ് അവിടെ നോക്കുന്നത്, അല്ലാതെ അയാള്‍ ബ്രാഹ്മണനാണോ അബ്രാഹ്മണനാണോ എന്നതിന് യാതൊരു പ്രസക്തിയുമില്ല. ശബരിമലയിലെ ആരാധനാ കാര്യത്തിലും അത് തന്നെയാണ് എല്‍ഡിഎഫിന്റെ നിലപാട്. പുരുഷനും സ്ത്രീയ്ക്കും ആരാധനാ സ്വാതന്ത്ര്യം തുല്യമാണ്. പുരുഷന് പോകാമെങ്കില്‍ സ്ത്രീയ്ക്കും പോകാം. സുപ്രീം കോടതി വിധി ഭരണഘടനാ അനുസൃതമായി നടപ്പിലാക്കുക മാത്രമാണ് ഗവണ്‍മെന്റ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ശബരിമലയെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന വിമര്‍ശനത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. കേരളത്തില്‍ ഭരിച്ച എല്ലാ സര്‍ക്കാറുകളേക്കാളും അധികം തുക ശബരിമലയുടെ വികസനത്തിനായി ഈ സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ടെന്നും അതിന് ഉദാഹരണമാണ് ശബരിമല മാസ്റ്റര്‍ പ്ലാനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here