ടി.പി വധക്കേസിലെ കുറ്റവാളിയായ കുഞ്ഞനന്തന്റെ പരോള്‍ നീട്ടിയത് വിവാദത്തില്‍

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കുഞ്ഞനന്തന് നിരന്തരം പരോള്‍ അനുവദിക്കുന്നത് വിവാദത്തിലാകുന്നു. സര്‍ക്കാര്‍ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ പ്രതികരിച്ചു.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ കുഞ്ഞനന്തന് 2014 ജനുവരിയിലാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ശേഷം ജയിലിലേക്ക് പോയ കുഞ്ഞനന്തന്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 389 ദിവസങ്ങള്‍ പരോളിലായിരുന്നുവെന്ന് ജയില്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഏറ്റവുമൊടുവില്‍ നാല്‍പത് ദിവസം കുഞ്ഞനന്തന് പരോള്‍ അനുവദിച്ച സര്‍ക്കാര്‍ ഇന്നലെ അഞ്ച് ദിവസം കൂടി പരോള്‍ കാലാവധി നീട്ടിയിരുന്നു. ഈ നടപടിയാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കെ.കെ രമയുടെ തീരുമാനം.

എന്നാല്‍, സാധാരണ പരോളിന് പുറമേ ജയില്‍ സൂപ്രണ്ടിന് 10 ദിവസവും, ഡിജിപിക്ക് 15 ദിവസവും, സര്‍ക്കാറിന് 45 ദിവസവും അധികമായി അനുവദിക്കാമെന്നും നിയമപ്രകാരമുള്ള ഈ ഇളവുകള്‍ മാത്രമേ കുഞ്ഞനന്തന് ലഭിച്ചിട്ടുള്ളൂ എന്നുമാണ് ജയില്‍വകുപ്പ് വിശദീകരണം നല്‍കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top