ഇതര മതസ്ഥന്റെ ചികിത്സാ സഹായത്തിനായി മതപ്രഭാഷണം നടത്തി മുസ്ലീം മഹല്ല് കമ്മിറ്റി

ഹിന്ദു യുവാവിന്റെ ചികിത്സാ ചെലവിനായി പണം കണ്ടെത്താന്‍ മതപ്രഭാഷണ പരിപാടിയുമായി മുസ്ലീം മഹല്ല് കമ്മിറ്റി. വൃക്ക രോഗമുള്ള യുവാവിന്റെ ചികിത്സയ്ക്കാണ് മലപ്പുറം കാളികാവ് ചോക്കാടിനടുത്ത കല്ലാമൂല് മഹല്ല് കമ്മിറ്റി പണം സമാഹരിക്കുന്നത്.

കല്ലാമൂലയില്‍ താമസിക്കുന്ന പുതിയത്ത് കറുപ്പന്റ മകന്‍ ദിബേഷിന്റെ(29) ചികിത്സയ്ക്കായി നവംബര്‍ 8നാണ് മതപ്രഭാഷണം.

മതം കാരുണ്യമാണ് എന്ന വിഷയത്തിലാണ് പ്രഭാഷണം നടത്തുന്നത്. ഒമ്പതിന് പ്രാര്‍ത്ഥനാ സദസ്സും.

കൂലിപ്പണിയെടുത്ത് കുടുംബം പുലര്‍ത്തിയിരുന്ന ദിബേഷിന്റെ ഇരു വൃക്കകളും തകരാറിലായതായി മൂന്ന് മാസം മുമ്പാണ് കണ്ടെത്തിയത്. വൃക്ക പകുത്തു നല്‍കാന്‍ അമ്മ കോമളകുമാരി തയ്യാറായിരുന്നെങ്കിലും ചികിത്സ നടത്താനുള്ള പണം സ്വരൂപിക്കാന്‍ സാധിച്ചിരുന്നില്ല.

വൃക്ക മാറ്റി വെയ്ക്കാന്‍ 20 ലക്ഷത്തോളം രൂപ ചെലവ് വരും.

നിത്യ ചെലവുകള്‍ക്ക് പോലും ബുദ്ധിമുട്ടുന്ന വീടാണ് ദിബേഷിന്റേത്. ഈ സാഹചര്യം മനസിലാക്കിയാണ് മഹല്ല് കമ്മിറ്റിയുടെ കീഴിലുള്ള സബീലുല്‍ ഹുദ യുവജനസംഘം സഹായിക്കാനായി രംഗത്തെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top