Advertisement

കളി ഇനി കാര്യവട്ടത്ത്; കേരളത്തിലെ ‘കാര്യപ്പെട്ട’ കളികള്‍

October 31, 2018
Google News 1 minute Read

കേരളം കാത്തിരിക്കുന്ന ക്രിക്കറ്റ് മത്സരം നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ആവേശത്തിന് ഒട്ടും കുറവില്ല. ഫുട്‌ബോളായാലും ക്രിക്കറ്റായാലും കേരളത്തിലെ കായിക പ്രേമികള്‍ക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്. കളി കേരളത്തിലാകുമ്പോള്‍ അത് പറയുകയും വേണ്ട. ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അഞ്ചാം ഏകദിനമാണ് അനന്തപുരിയില്‍ നടക്കാന്‍ പോകുന്നത്. നാളെ ഉച്ചയ്ക്ക് ഒന്നര മുതലാണ് മത്സരം നടക്കുക. ആദ്യമായാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര ഏകദിന മത്സരം നടക്കുന്നത്. ഇതിനു മുന്‍പ് തിരുവനന്തപുരത്തെ കേരള യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലും കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലുമാണ് അന്താരാഷ്ട്ര ഏകദിന മത്സരങ്ങള്‍ നടന്നിട്ടുള്ളത്. ആ ചരിത്രങ്ങളിലൂടെ:

മലയാള നാട്ടിലെ ആദ്യ ഏകദിന മത്സരം

34 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കേരളത്തില്‍ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം നടക്കുന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയമാണ് ആതിഥ്യം വഹിച്ചത്. 1984 ഒക്ടോബര്‍ ഒന്നിന് നടന്ന മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി ഓസ്‌ട്രേലിയയായിരുന്നു. സുനില്‍ ഗവാസ്‌കറായിരുന്നു അന്ന് ഇന്ത്യയുടെ നായകന്‍. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനം കൂടിയായിരുന്നു അത്. എന്നാല്‍, കേരളത്തില്‍ നടന്ന ആദ്യ അന്താരാഷ്ട്ര ഏകദിനം ഫലമില്ലാതെ പൂര്‍ത്തിയായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 37 ഓവറില്‍ 175 റണ്‍സിന് ഓള്‍ ഔട്ടായി. 79 പന്തില്‍ 77 റണ്‍സെടുത്ത ദിലീപ് വെങ്‌സര്‍ക്കാര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 7.4 ഓവറില്‍ ഒരു വിക്കറ്റിന് 29 റണ്‍സെന്ന നിലയില്‍ കളി ഉപേക്ഷിക്കേണ്ടി വരികയായിരുന്നു.

കേരളത്തിലെ രണ്ടാം ഏകദിനം; വെസ്റ്റ് ഇന്‍ഡീസിന് ചരിത്ര വിജയം

കേരളത്തിലെ രണ്ടാം ഏകദിനവും യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ തന്നെയാണ് നടന്നത്. യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിലെ രണ്ടാമത്തെയും അവസാനത്തെയും ഏകദിനമായിരുന്നു അത്. 1988 ജനുവരി 25 ന് വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു ഇന്ത്യ കളത്തിലിറങ്ങിയത്. എന്നാല്‍, ഇന്ത്യന്‍ ആരാധകരെ സാക്ഷി നിര്‍ത്തി വെസ്റ്റ് ഇന്‍ഡീസ് ആ മത്സരത്തില്‍ വിജയം സ്വന്തമാക്കി. ഒമ്പത് വിക്കറ്റിനായിരുന്നു വിന്‍ഡീസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ കെ ശ്രീകാന്തിന്റെ സെഞ്ച്വറിയുടെയുടെയും (106 പന്തില്‍ 101) മൊഹീന്ദര്‍ അമര്‍നാഥിന്റെ അര്‍ധസെഞ്ച്വറിയുടെയും ബലത്തില്‍ 45 ഓവറില്‍ എട്ടു വിക്കറ്റിന് 239 റണ്‍സെടുത്തു. എന്നാല്‍, ഗ്രീനിഡ്ജിനൊപ്പം (76 പന്തില്‍ 84) 164 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി സിമ്മണ്‍സ് (129 പന്തില്‍ 104 നോട്ടൗട്ട്) ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ത്തു. രണ്ടാം വിക്കറ്റില്‍ സര്‍ റിച്ചീ റിച്ചാര്‍ഡ്‌സണൊപ്പം (55 പന്തില്‍ 37 നോട്ടൗട്ട്) 77 റണ്‍സ് കൂടി ചേര്‍ത്ത് സിമ്മണ്‍സ് 13 പന്ത് ശേഷിക്കേ വിന്‍ഡീസ് ടീമിനെ വിജയതീരത്ത് എത്തിച്ചു.

മൂന്നാം ഏകദിനം; കേരളത്തില്‍ ഇന്ത്യയുടെ ആദ്യ ജയം

കേരളത്തില്‍ മൂന്നാം ഏകദിനം നടക്കുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ആ മത്സരം നടന്നത്. 1998 ഏപ്രില്‍ ഒന്നിന് ഓസീസിനെതിരെയായിരുന്നു ആ മത്സരം നടന്നത്. അന്ന് ഇന്ത്യ വിജയികളായി. കേരളത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യജയം കൂടിയായിരുന്നു അത്. ഓസീസിനെതിരായ മത്സരത്തില്‍ അജയ് ജഡേയുടെ സെഞ്ച്വറിയുടെ (109 പന്തില്‍ 105) ബലത്തില്‍ ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സെടുത്ത ഇന്ത്യ ജയിച്ചത് മറ്റൊരാളുടെ മാന്ത്രിക പ്രകടനത്തിലായിരുന്നു. മറ്റാരുടെയുമല്ല, സാക്ഷാല്‍ സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറുടെ! ബാറ്റിങില്‍ എട്ടു റണ്‍സിന് പുറത്തായ സച്ചില്‍ 32 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തി ഇന്ത്യക്ക് ജയം സമ്മാനിക്കുകയായിരുന്നു. നായകന്‍ സ്റ്റീവ് വോയെ വീഴ്ത്തി വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ച സച്ചിന്‍ മൈക്കല്‍ ബെവന്‍, ഡാരന്‍ ലീമാന്‍, ടോം മൂഡി, ഡാമിയന്‍ മാര്‍ട്ടിന്‍ എന്നിവരെ മടക്കി ഓസീസ് മധ്യനിരയ്ക്ക് കൂച്ചുവിലങ്ങിട്ടു. ഓസീസ് 45.5 ഓവറില്‍ 268 റണ്‍സിന് ഓള്‍ഔട്ടായ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചും മറ്റാരുമായിരുന്നില്ല. സച്ചിന്റെ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടവും ഇതായിരുന്നു. സച്ചിന്റെ ബൗളിങ്ങ് കരിയര്‍ ബെസ്റ്റും.

നാലാം ഏകദിനം; വീണ്ടും ആതിഥേയത്വം വഹിച്ച് കലൂര്‍ സ്‌റ്റേഡിയം

2000ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു കലൂര്‍ സ്റ്റേഡിയത്തിലെ രണ്ടാം ഏകദിനം. ഓപ്പണര്‍മാരായ ഗാരി കേഴ്സ്റ്റണും (115) ഹെര്‍ഷല്‍ ഗിബ്‌സും (111) ആദ്യ വിക്കറ്റില്‍ 235 റണ്‍സ് എടുത്തപ്പോള്‍ നിശ്ചിത 50 ഓവറില്‍ ആഫ്രിക്കന്‍ ടീമിന്റെ സ്‌കോര്‍ മൂന്നിന് 301. മറ്റൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ഈ മത്സരത്തില്‍ കരിയറിലെ മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തു എന്നതാണ് കൗതുകരമായ മറ്റൊരു കാര്യം. 43 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ രാഹുല്‍ ദ്രാവിഡാണ് കൊച്ചിയില്‍ ബെസ്റ്റ് ബൗളിങ് കണ്ടെത്തിയത്. മത്സരത്തില്‍ ഗിബ്‌സിനെയും ക്ലൂസ്‌നെറിനെയും മടക്കിയ ദ്രാവിഡ് കരിയറില്‍ തന്നെ ആകെ നാലു വിക്കറ്റേ നേടിയിട്ടുള്ളൂ. അതേസമയം, ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ പതറാതിരുന്ന ഇന്ത്യ അജയ് ജഡേജ (92), അസ്ഹറുദ്ദീന്‍ (42), റോബിന്‍ സിങ് (42 നോട്ടൗട്ട്) എന്നിവരുടെ മികവില്‍ രണ്ടു പന്ത് ശേഷിക്കേ വിജയം കണ്ടു. കൊച്ചിയിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങിയ ജഡേജയായിരുന്നു മാന്‍ ഓഫ് ദ മാച്ച്.

കേരളത്തിലെ അഞ്ചാം ഏകദിനം; ഇന്ത്യയെ ഞെട്ടിച്ച് സിംബാവെ

2002 മാര്‍ച്ചില്‍ താരതമ്യേന ദുര്‍ബലരായ സിംബാബെവെയ്ക്ക് എതിരായി കൊച്ചിയില്‍ നടന്ന മത്സരത്തില്‍ പക്ഷേ ഇന്ത്യ തോല്‍ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ ഡഗ്ലസ് ഹോണ്ടോയുടെ നാലു വിക്കറ്റ് നേട്ടം 48.3 ഓവറില്‍ 191 റണ്‍സിയൊതുക്കി. 56 റണ്‍സെടുത്ത മുഹമ്മദ് കൈഫ് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്. മറുപടി ബാറ്റിങില്‍ സിംബാബെവെ 44.2 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.

2005 ല്‍ ചിരവൈരികളായ പാകിസ്ഥാനെതിരെ ഇന്ത്യന്‍ ടീം കേരളത്തില്‍

2005 ഏപ്രിലില്‍ പാക്കിസ്ഥാന് എതിരായി നടന്ന മത്സരത്തില്‍ ഇന്ത്യക്ക് വീരേന്ദര്‍ സെവാഗ് (108) രാഹുല്‍ ദ്രാവിഡ് (104) എന്നിവരുടെ സെഞ്ച്വറികള്‍ 281 റണ്‍സ് സമ്മാനിച്ചു. കൊച്ചിയില്‍ ബാറ്റിങില്‍ ഒരിക്കല്‍ക്കൂടി പരാജയപ്പെട്ട (നാല് റണ്‍സ്) സച്ചിന്‍ പന്തുകൊണ്ട് വീണ്ടും ഇന്ദ്രജാലം കാട്ടി. സച്ചിന്‍ കരിയറിലെ രണ്ടാമത്തെയും അവസാനത്തെയും അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ (50 റണ്‍സിന് അഞ്ചു വിക്കറ്റ്) പാക്കിസ്ഥാന്‍ 45.2 ഓവറില്‍ 194 റണ്‍സിന് ഓള്‍ ഔട്ടായി.

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ തുടര്‍ച്ചയായി മത്സരങ്ങള്‍

2006-ല്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരായ മത്സരം ഒരു ലോ സ്‌കോറിങ് മത്സരമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകരെ 48.4 ഓവറില്‍ 237ന് പുറത്താക്കിയ ഇന്ത്യ 47.2 ഓവറില്‍ ആറു വിക്കറ്റിന് ലക്ഷ്യം കണ്ടു. രണ്ടു വിക്കറ്റ് വീഴ്ത്തുകയും 48 റണ്‍സെടുക്കുകയും ചെയ്ത യുവരാജ് സിങായിരുന്നു മാന്‍ ഓഫ് ദ മാച്ച്. കെവിന്‍ പീറ്റേഴ്‌സണും (77) രാഹുല്‍ ദ്രാവിഡും (65) മാത്രമാണ് മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയെങ്കിലും കടന്നത്.

കൊച്ചിയില്‍ പിന്നീട് നടന്ന രണ്ടു മത്സരങ്ങളും ഓസീസിന് എതിരെയായിരുന്നു. 2007 ഒക്ടോബര്‍ രണ്ടിന് നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ 84 റണ്‍സിനാണ് ജയിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റിന് 306 റണ്‍സെടുത്ത ഓസീസ് ഇന്ത്യയെ 47.3 ഓവറില്‍ 222ന് ചുരുട്ടിക്കെട്ടി. ഓസീസിനായി ആന്‍ഡ്രൂ സൈമണ്ട്‌സ് (87), ബ്രാഡ് ഹാഡിന്‍ (87), മാത്യു ഹെയ്ഡന്‍ (75) എന്നിവര്‍ അര്‍ധസെഞ്ച്വറി നേടിയപ്പോള്‍ ഇന്ത്യന്‍ നിരയില്‍ തിളിങ്ങിയത് 58 റണ്‍സെടുത്ത എംഎസ് ധോണി മാത്രം. 2010 ഒക്ടോബര്‍ 17ന് വീണ്ടും ഓസീസുമായി മത്സരമുണ്ടായിരുന്നെങ്കിലും മഴ മൂലം ഒരു പന്തു പോലുമെറിയാതെ കളി ഉപേക്ഷിക്കുകയായിരുന്നു.

2013 ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെ കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ വീണ്ടും വിജയവഴിയില്‍ തിരികെയെത്തി. ധോണി (72), സുരേഷ് റെയ്‌ന (55), രവീന്ദ്ര ജഡേജ (61 നോട്ടൗട്ട്) എന്നിവരുടെ മികവില്‍ ടീം 50 ഓവറില്‍ ആറു വിക്കറ്റിന് 285 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 36 ഓവറില്‍ 158ന് ഓള്‍ ഔട്ടായി. അര്‍ധസെഞ്ച്വറിക്ക് പുറമേ ഏഴോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത രവീന്ദ്ര ജഡേജയായിരുന്നു കളിയിലെ കേമന്‍.

2015 നവംബര്‍ 25ന് നടന്ന മത്സരത്തില്‍ ഇന്ത്യ വിന്‍ഡീസിനെ ആറു വിക്കറ്റിന് തോല്‍പിച്ചു. 48.5 ഓവറില്‍ 211ന് ഓള്‍ ഔട്ടായി വിന്‍ഡീസിനെ 86 റണ്‍സെടുത്ത വിരാട് കോഹ്ലിയുടെയും 72 റണ്‍സെടുത്ത രോഹിത് ശര്‍മയുടെയും മികവില്‍ ഇന്ത്യ 88 പന്തും നാലു വിക്കറ്റും ശേഷിക്കേ മറികടന്നു. കോഹ്ലിയായിരുന്നു മാന്‍ ഓഫ് ദ മാച്ച്. എന്നാല്‍, 2014 ഒക്ടോബര്‍ എട്ടിന് നടന്ന അവസാന ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസ് ടീം തിരിച്ചടിച്ചു. മര്‍ലോണ്‍ സാമുവല്‍സിന്റെ അപരാജിത സെഞ്ച്വറിയുടെയും (126 നോട്ടൗട്ട്) ദിനേശ് രാംദിന്റെ അര്‍ധസെഞ്ച്വറിയുടെയും (61) പലത്തില്‍ ആറു വിക്കറ്റിന് 321 റണ്‍സെടുത്ത വിന്‍ഡീസ് ഇന്ത്യയെ 41 ഓവറില്‍ വെറും 197 റണ്‍സിന് പുറത്താക്കി. ശിഖര്‍ ധവാന്റെ അര്‍ധസെഞ്ച്വറിയും (68) രവീന്ദ്ര ജഡേജയുടെ (33 നോട്ടൗട്ട്) പോരാട്ടവീര്യവും മാത്രമാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ എടുത്തുപറയാനുള്ളത്. സാമുവല്‍സ് കളിയിലെ കേമനായി.

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് പൂരം

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര ട്വന്റി 20 മത്സരമാണ് ആദ്യം നടന്നത്. കഴിഞ്ഞ നവംബര്‍ ഏഴിന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20യാണ് അത്. മഴമൂലം എട്ടോവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യക്കായിരുന്നു ജയം. എട്ടോവറില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് 67 റണ്‍സെടുത്തപ്പോള്‍ ന്യൂസിലാന്‍ഡ് ഇന്നിങ്‌സ് ആറു വിക്കറ്റിന് 61ല്‍ ഒതുങ്ങി. രണ്ടോവറില്‍ വെറും ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയായിരുന്നു ഇരുടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസം.

ട്വന്റി-20 മത്സരത്തിന് ഒരു വര്‍ഷത്തിനിപ്പുറം ആദ്യ ഏകദിനത്തിന് ഒരുങ്ങുകയാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here