അനായാസം കാര്യവട്ടം കടന്നു; ഏകദിന പരമ്പര ഇന്ത്യയ്ക്ക്

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഏകപക്ഷീയ വിജയം. വിന്‍ഡീസിനെതിരായ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയുമായ ഏകദിനത്തില്‍ ഒന്‍പത് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 105 റണ്‍സ് വിജയലക്ഷ്യം വെറും 14.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറി നേടി ഇന്ത്യയുടെ ടോപ് സ്‌കോററായി. 56 പന്തില്‍ നാല് സിക്‌സറും അഞ്ച് ഫോറും അടക്കം പുറത്താകാതെ 63 റണ്‍സാണ് ശര്‍മ നേടിയത്. നായകന്‍ വിരാട് കോഹ്‌ലി 33 റണ്‍സുമായി പുറത്താകാതെ നിന്നു. ആറ് റണ്‍സെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പര ഇന്ത്യ 3-1 ന് സ്വന്തമാക്കി. രണ്ടാം ഏകദിനം സമനിലയില്‍ പിരിയുകയായിരുന്നു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസിന് കാര്യവട്ടത്ത് താളം കണ്ടെത്താനായില്ല. 31.5 ഓവറില്‍ 104 റണ്‍സിന് വിന്‍ഡീസിന്റെ എല്ലാ താരങ്ങളും കൂടാരം കയറി. രവീന്ദ്ര ജഡേജയുടെ നാല് വിക്കറ്റ് പ്രകടനമാണ് കരീബിയന്‍സിന്റെ ഇന്നിംഗ്‌സ് 104 ല്‍ അവസാനിപ്പിച്ചത്. 9.5 ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്താണ് ജഡേജ നാല് വിക്കറ്റ് സ്വന്തമാക്കിയത്. ജസ്പ്രീത് ബുംറയും ഖലീല്‍ അഹമ്മദും രണ്ട് വീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ ഭുവനേശ്വറും കുല്‍ദീപും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി. വിന്‍ഡീസ് ബാറ്റിംഗ് നിരയില്‍ ആര്‍ക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ല. 25 റണ്‍സ് നേടിയ നായകന്‍ ജേസന്‍ ഹോള്‍ഡറാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. മര്‍ലോണ്‍ സാമുവല്‍സ് 24 റണ്‍സ് നേടി.

ഇന്ത്യന്‍ ടീം കളി ജയിക്കുമ്പോള്‍ ബാക്കിയാകുന്ന ബോളുകളുടെ എണ്ണത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജയമാണ് ഇന്ന് നേടിയത്. 211 ബോളുകളാണ് ഇന്ത്യന്‍ ഇന്നിങ്ങ്‌സ് അവസാനിക്കുമ്പോള്‍ ബാക്കിയായത്. 2001 ല്‍ കെനിയക്കെതിരെ 231 പന്തുകള്‍ ബാക്കി നില്‍ക്കെ നേടിയ ജയമാണ് ഈ വിഭാഗത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ജയം.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top