നിലയ്ക്കലില്‍ അയ്യപ്പഭക്തന്‍ മരിച്ച സംഭവം; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടിയെന്ന് പോലീസ്

kerala plice

നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തില്‍ വാര്‍ത്തകൾ പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേരള പോലീസ്. വ്യാജ വാര്‍ത്ത നവ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് എതിരെയും കേസ് എടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാ മലയാളമാസവും ഒന്നാം തീയ്യതി ശബരിമല ദര്‍ശനത്തിന് എത്തുന്നയാളാണ് ശിവദാസന്‍. എന്നാല്‍ ഇക്കഴിഞ്ഞ18 ന് ശബരിമലയിലേക്ക് പോയ ശിവദാസനെ കാണാനില്ലായിരുന്നു. 19ന് മറ്റൊരു ഭക്തന്റെ ഫോണില്‍ നിന്ന് വീട്ടിലേക്ക് ശിവദാസന്‍ വിളിച്ചുവെങ്കിലും പിന്നീട് അപ്രത്യക്ഷമായി. ഇതെ തുടര്‍ന്ന് 25ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍  ളാഹയ്ക്കടുത്ത് കൊക്കയിൽ നിന്ന് കഴിഞ്ഞ ദിവസം  ശിവദാസന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

നിലയ്ക്കലില്‍ നടന്ന പൊലീസ് നടപടിയെ തുടര്‍ന്നാണ് ശിവദാസന്‍ മരിച്ചതെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ ഒക്ടോബര്‍ 16 , 17 തീയതികളിലായിരുന്നു നിലയിക്കലിലെ പൊലീസ് നടപടി.  ശിവദസന്റെ മരണവുമായി ഇതിന് ബന്ധമില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

കേരളപോലീസിന്റെ ഇത് സംബന്ധിച്ച ഫെയ്സ് ബുക്ക്  പോസ്റ്റ് ഇങ്ങനെ

നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തൻ്റെ മൃതദേഹം കണ്ടെത്തി എന്നത് വ്യാജ വാർത്ത

നിലക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തൻ്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തില്‍ വാര്‍ത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. സംഭവത്തിൻ്റെ നിജസ്ഥിതി ഇതാണ്.

ഇന്ന് പത്തനംതിട്ട ളാഹ പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തും വളവിലുള്ള കുറ്റിക്കാട്ടില്‍ നിന്നും ഒരു വൃദ്ധൻ്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബർ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്, 19 ന് ഇയാൾ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാർ പറയുന്നു. ഇത് സംബന്ധിച്ച് പന്തളം പോലീസ് സ്റ്റേഷനിൽ MAN MISSING ന് കേസ് രെജിസ്റ്റർ ചെയ്തിട്ടുള്ളതുമാണ്.

പത്തനംതിട്ട – നിലക്കല്‍ റൂട്ടിലാണ് മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലക്കല്‍- പമ്പ റൂട്ടിലാണ്. ശബരിമലയിൽ അക്രമികൾക്കെതിരെ പൊലീസ് നടപടി എടുത്തത് 16 നും 17നും മാത്രമാണ്. അതായത് പൊലീസ് നടപടിയെതുടർന്നാണ് ഇദ്ദേഹത്തെ കാണാതായത് എന്ന പ്രചരണം ശരിയല്ല. നിലക്കല്‍ – പമ്പ റൂട്ടില്‍ നടന്ന പ്രശ്നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്ന് ചിന്തിക്കുമ്പോൾ തന്നെ ഈ വ്യാജവാർത്തയുടെ പൊള്ളത്തരം മനസിലാകുന്നതാണ്.

മരിച്ചയാളുടെ മോപ്പഡ് (മോട്ടർസൈക്കിൾ ) ആ സ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നടപടിക്കിടെ ഓടിയതെങ്കില്‍ എങ്ങനെയാണ് അയാളുടെ ബൈക്ക് മരിച്ച സ്ഥലത്ത് ഉണ്ടായത്. നുണപ്രചരണം നടത്തി പൊതുസമൂഹത്തിനു മുന്നിൽ തെറ്റിദ്ധാരണ പരത്തുകയും അത് വഴി കലാപം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ്‌ ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലുള്ളത്.

വ്യാജവാർത്ത നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെയും അത് പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുന്നതാണ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top