മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയൽ ബോർഡിൽ നിന്ന് മനില സി മോഹൻ രാജിവെച്ചു

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയൽ ബോർഡിൽ നിന്ന് മനില സി മോഹൻ രാജിവെച്ചു. സംഘപരിവാർ രാഷ്ട്രീയത്തിന്റെ വക്താക്കളുടെ ആവശ്യത്തിന് വഴങ്ങിക്കൊണ്ട് മാതൃഭൂമി എന്ന സ്ഥാപനത്തിന്റെ മാനേജ്‌മെൻറ്, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ കമൽറാം സജീവിനെ ചുമതലയിൽ നിന്ന് നീക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ തീരുമാനമെടുക്കുന്നതെന്ന് മനില അറിയിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഇതിന് മുമ്പ് കമൽ റാം സജീവും മാതൃഭൂമി ആഴ്ച്ചപതിപ്പിൽ നിന്ന് രാജിവെച്ചിരുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പിൻറെ എഡിറ്റർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്.
‘മാതൃഭൂമിയിൽ നിന്ന് രാജിവെച്ചു. മാതൃഭൂമിയിലെ 15 വർഷത്തെ ക്രിയാത്മകവും സജീവവുമായ മാധ്യമപ്രവർത്തനം അവസാനിപ്പിക്കുന്നു. ഡോണിനും മനിലയ്ക്കും സുബിക്കും ശ്രീകുമാറിനും ഷരീഫിനും പ്രിയപ്പെട്ട സഹപ്രവർത്തകർക്കും നന്ദി. മതേതര ഇന്ത്യ നീണാൾ വാഴട്ടെ’, എന്നാണ് കമൽറാം ട്വീറ്റ് ചെയ്തത്.
ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരണം തുടങ്ങിയ എസ് ഹരീഷിന്റെ മീശ എന്ന നോവലിനെതിരെ സംഘപരിവാർ അനുകൂലികൾ പ്രതിഷേധിച്ചതോടെ പ്രസിദ്ധീകരണം നിർത്തിയിരുന്നു. കമൽറാം സജീവിനെ എഡിറ്റർ സ്ഥാനത്ത് നിന്ന് നീക്കിയത് സംഘപരിവാർ സമ്മർദ്ദം കൊണ്ടാണെന്ന് എസ് ഹരീഷ് വിമർശിച്ചിരുന്നു. മീശ വിവാദത്തിന് ശേഷം മാതൃഭൂമി പത്രത്തിനുണ്ടായ മാറ്റം തന്നെ നിരാശനാക്കുന്നുവെന്നും മീശ പ്രസിദ്ധീകരിച്ചതുകൊണ്ട് മാത്രമാണ് പത്രാധിപർ കമൽറാമിന് ജോലി നഷ്ടമായതെന്നും പത്രം സംഘപരിവാറിന് കീഴടങ്ങുകയാണെന്നും ഹരീഷ് ആരോപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here