ബ്രൂവറി വിവാദം; അന്വേഷണം വേണ്ടെന്ന് ഗവർണർ

ബ്രൂവറി വിവാദത്തിൽ അന്വേഷണം വേണ്ടെന്ന് ഗവർണർ. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നൽകിയ കത്ത് ഗവർണർ തള്ളി. കേസിലെ ഹൈക്കോടതി വിധി കൂടി പരിഗണിക്കുമ്പോൾ അന്വേഷണം പ്രഖ്യാപിക്കാനാവില്ലെന്നാണ് ഗവർണറുടെ നിലപാട്. സർക്കാരിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ കത്തിലാണ് ഗവർണറുടെ മറുപടി. മന്ത്രിമാർക്കും എം.എൽ.എമാർക്കുമെതിരെ അന്വേഷണം നടത്തണമെങ്കിൽ ഗവർണറുടെ അനുമതി ആവശ്യമാണ്. ഇതിനായി മൂന്ന് തവണ പ്രതിപക്ഷ നേതാവ് ഗവണറെ കണ്ടിരുന്നു. എന്നാൽ ഹൈക്കോടതി തീർപ്പാക്കിയ കേസിൽ ഇനി അന്വേഷണം വേണ്ടെന്നായിരുന്നു ഗവർണറുടെ നിലപാട്.
ചെന്നിത്തല കത്ത് നൽകിയ സാഹചര്യത്തിൽ ഗവർണർ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ആരോപണം വന്ന സാഹചര്യത്തിൽ അനുമതി നൽകിയ നടപടി റദ്ദാക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നൽകിയിരുന്നു. പുതിയ ബ്രൂവറികൾ അനുവദിക്കാനുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കാൻ കമ്മിറ്റിയെ ഏർപ്പാടാക്കിയതായും സർക്കാർ അറിയിച്ചിരുന്നു.
അന്വേഷണം ആവശ്യമില്ലെന്ന നിലപാട് വ്യക്തമാക്കുന്ന മറുപടി കത്ത് ഇന്ന് ഗവർണർ ചെന്നിത്തലയ്ക്ക് നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here