തന്റെ ഭാഗത്ത് നിന്നും ആചാര ലംഘനമുണ്ടായെന്ന് സമ്മതിച്ച് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി

ശബരിമലയില്‍ തന്റെ ഭാഗത്ത് നിന്നും ആചാരലംഘനമുണ്ടായെന്ന് സമ്മതിച്ച് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ഒരു ചാനല്‍ ചര്‍ച്ചയിലാണ് തില്ലങ്കേരി തെറ്റ് സമ്മതിച്ചത്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയത് തന്റെ അറിവില്ലായ്മ കൊണ്ടാണെന്നും ഇത്തരം ഒരു സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നും അയ്യപ്പന്‍ തന്നോട് ക്ഷമിക്കട്ടെയെന്നും തില്ലങ്കേരി പറഞ്ഞു.

പ്രതിഷേധങ്ങള്‍ ശക്തമായതോടെ സമരക്കാരെ അനുനയിപ്പിക്കാന്‍ ഇരുമുടിക്കെട്ടില്ലാതെ തില്ലങ്കേരി പതിനെട്ടാം പടി കയറുകയായിരുന്നു. പിന്നാലെ ഒപ്പമുണ്ടായിരുന്നവരും ഇരുമുടി കെട്ട് ഇല്ലാതെ 18 ാം പടിയില്‍ കയറി. ഇതോടെ ശബരിമലയില്‍ ആചാരലംഘനം നടന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരോപിക്കുകയായിരുന്നു. ആചാരലംഘനം നടന്നതില്‍ പരിഹാര ക്രിയകള്‍ ചെയ്തിട്ടുണ്ടെന്നും വത്സന്‍ തില്ലങ്കേരി കൂട്ടിചേര്‍ത്തു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോര്‍ഡംഗം കെ പി ശങ്കരദാസ് അറിയിച്ചിരുന്നു.

അതേസമം, സന്നിധാനത്ത് ആചാരലംഘനം നടന്നിട്ടില്ലെന്ന് വത്സൻ തില്ലങ്കേരി നേരത്തെ പറഞ്ഞിരുന്നു. ദർശനത്തിനിടെ ബഹളം കേട്ടാണ് പതിനെട്ടാം പടിയിലെത്തിയത്. ആചാരലംഘനം നടന്നിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും തില്ലങ്കേരി പറഞ്ഞു. വത്സൻ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുന്നതിന്റെയും പിൻതിരിഞ്ഞ് നിന്ന് പ്രതിഷേധക്കാരോട് സംസാരിക്കുന്നതിന്റെയും വീഡിയോ നേരത്തെ പ്രചരിച്ചിരുന്നു. ഇത് കടുത്ത ആചാരലംഘനമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപക വിമർശനമുയർത്തിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്ന വത്സൻ തില്ലങ്കേരി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top