നോട്ട് കീറിയിട്ട് രണ്ട് വര്‍ഷം…

നോട്ടുകീറിയിട്ട് വര്‍ഷം രണ്ടാകുന്നു. സാധാരണക്കാരന്റെ ചീട്ട് കീറിയ സാമ്പത്തിക പരീക്ഷണം രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ സാമ്പത്തിക രംഗം തകര്‍ച്ച നേരിടുന്നെന്ന വിലയിരുത്തലാണുള്ളത്. നേട്ടങ്ങളുടെ കണക്കുകള്‍ നിരത്തി സര്‍ക്കാരെത്തുമ്പോള്‍ കോട്ടങ്ങളുടെ നീണ്ട നിരയുമായി എത്തുകയാണ് വിവിധ മേഖലകളില്‍ നിന്നുള്ളവര്‍.
ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ കള്ളപ്പണം വ്യാപകമായി മാറ്റിയെടുത്തു. 2015 – 2016 ല്‍ 1.06 ലക്ഷം ഇടപാടുകളും 2018 ഓഗസ്റ്റില്‍ 4.73 ലക്ഷം എണ്ണം ഇടപാടുകളുമാണ് ഇത്തരത്തില്‍ സംശയകരമായി രേഖപ്പെടുത്തിയത്.
പണം ഇടപാട് കുറയ്ക്കുമെന്ന വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും എടിഎം വഴി പിന്‍വലിക്കുന്ന പണത്തിന്റെ അളവ് കൂടി. 2016 ഓഗസ്റ്റില്‍ 2.20 ലക്ഷം കോടിയായിരുന്നത് 2018 ഓഗസ്റ്റില്‍ 2.76 ലക്ഷം കോടിയായി.
അസാധു നോട്ടുകളുടെ 99.3 ശതമാനവും തിരിച്ചെത്തിയതായി കേന്ദ്ര ബാങ്ക് വെളിപ്പെടുത്തിയത് പരീക്ഷണം പാളിയതിന് തെളിവായി.
നിരോധിച്ചത്- 15.44 ലക്ഷം കോടി.
തിരിച്ചെത്തിയത്- 15.31 ലക്ഷം കോടി.
തിരികെയെത്താത്തത്- 10,720 കോടി.
ഇത് നേപ്പാള്‍ കേന്ദ്ര ബാങ്കിന്റെയും ഇന്ത്യയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും കൈയിലുള്ളതും സഹകരണ ബാങ്കുകളില്‍ പിടിച്ചുവച്ചിരിക്കുന്ന പണവുമാണെന്നാണ് വിലയിരുത്തല്‍.
ചില്ലറ വില്‍പ്പന മേഖലയില്‍ വന്‍ തകര്‍ച്ച. 1.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ഔദ്യോഗിക കണക്ക്. ദേശീയ വരുമാനത്തിലുണ്ടായ ഇടിവ് നോട്ട് അസാധുവാക്കല്‍ കഴിഞ്ഞ മൂന്നാം പാദത്തില്‍ 8.4 ശതമാനമുണ്ടായിരുന്നത് 5.6 ശതമാനമായി കുറഞ്ഞു.
പണലഭ്യത കുറഞ്ഞത് വായ്പാവിതരണത്തെ പ്രതികൂലമായി ബാധിച്ചു. ഭവനവായ്പകളില്‍ വന്‍ ഇടിവുണ്ടായി.
നോട്ട് മാറാന്‍ വരിനില്‍ക്കുന്നതിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ടത് 100 ഓളം പേര്‍ക്കാണ്.
ഡിജിറ്റല്‍ തട്ടിപ്പുകളുടെ എണ്ണത്തിലും ബാങ്ക് ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ പണം നഷ്ടപ്പെടുന്നത് സാധാരണമായി. തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പേയ്‌മെന്റ് ഓംബുഡ്‌സ്മാനെ നിയമിക്കുമെന്ന ആര്‍.ബി.ഐ തീരുമാനം വന്നതും നോട്ട് അസാധുവാക്കലിന്റെ രണ്ടാം വാര്‍ഷികത്തിലാണെന്നത് യാദ്യച്ഛികമായി.
എന്നാല്‍, പെരുപ്പിച്ച കണക്കുകളിലൂടെ നോട്ട് അസാധുവാക്കല്‍ വിജയമെന്ന് സ്ഥാപിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നികുതിയടവില്‍ വന്ന വര്‍ധനയാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നോട്ട് അസാധുവാക്കല്‍ വിജയമാണെന്ന് കാണിക്കാന്‍ ചൂണ്ടിക്കാണിക്കുന്നത്. 2014 മാര്‍ച്ചില്‍ 3.8 കോടി രൂപ നികുതിയടവുണ്ടായിടത്ത് 2017-18 ല്‍ 6.86 കോടി ലഭിച്ചെന്ന് ധനമന്ത്രി പറയുന്നു. എന്നാല്‍, നോട്ട് നിരോധനമില്ലാത്ത വര്‍ഷങ്ങളിലും നികുതിയടവില്‍ വര്‍ധനയുണ്ടായതായി സിബിഡിടി വ്യക്തമാക്കുന്നു.
ഡിജിറ്റല്‍ പണമിടപാടുകളില്‍ വര്‍ധനയുണ്ടായതാണ് മറ്റൊരു നേട്ടമായി വിലയിരുത്തപ്പെട്ടത്. 2017 ഡിസംബറില്‍ 125.51 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ നടന്നിടത്ത് 2018 ജനുവരിയില്‍ 131.95 ലക്ഷം കോടിയുടെ ഡിജിറ്റല്‍ ഇടപാട് നടന്നു. നേരിയ വര്‍ധന നോട്ട് അസാധുവാക്കലിന്റെ മാത്രം നേട്ടമായി കാണാനാവില്ല. 2016 ല്‍ യുപിഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ചത് 29 ബാങ്കുകളിലാണെങ്കില്‍ 2018 ല്‍ അത് 79 ആയി. സ്വാഭാവികമായും സര്‍ക്കാര്‍ പ്രോത്സാഹനമുണ്ടാകുമ്പോള്‍ സാധിക്കാമായിരുന്ന ആ കാര്യത്തിനെ നോട്ട് അസാധുവാക്കലുമായി ബന്ധിപ്പിക്കാനാകില്ല.
മൊബൈല്‍ ബാങ്കിംഗില്‍ വന്‍ കുതിപ്പുണ്ടായിട്ടുള്ളതായും നോട്ട് നിരോധനം വിജയമെന്ന് കാണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍, ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് എന്നിവരുടെ കടന്നുവരവാണ് മൊബൈല്‍ ബാങ്കിംഗ് വര്‍ധിക്കാന്‍ കാരണമെന്ന വിലയിരുത്തലുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here