കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് താല്‍ക്കാലിക സ്റ്റേ

km Shaji

എംഎൽഎ കെ.എം ഷാജിയെ അയോഗ്യനാക്കിയ നടപടിയ്ക്ക് താൽക്കാലിക സ്റ്റേ. രണ്ടാഴ്ചത്തേക്കാണ് കോടതി സ്‌റ്റേ ഏർപ്പെടുത്തിയിരിക്കുന്നത്. എംഎൽഎയ്ക്ക് സുപ്രീം കോടതിയെ സമീപിക്കാനാണ് വിധി സ്റ്റേ ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച ഹർജി വീണ്ടും പരിഗണിയ്ക്കും. വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്  കെ.എം.ഷാജി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒരാഴ്ചയ്ക്കകം 50,000 രൂപ കെട്ടിവെക്കാനും കോടതി നിര്‍ദ്ദേശിച്ചു.

എം.വി.നികേഷ് കുമാർ നൽകിയ ഹർജിയിൽ വന്ന വിധിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിനാൽ തൽക്കാലത്തേയ്ക്ക് വിധി സ്റ്റേ ചെയ്യണമെന്നാണ് കെ.എം.ഷാജി ആവശ്യപ്പെട്ടത്. സുപ്രീംകോടതിയിൽ അപ്പീൽ നൽകി തീരുമാനമെടുക്കാൻ കാലതാമസം വന്നേയ്ക്കാം. അത്രയും കാലം അഴീക്കോട് മണ്ഡലത്തിൽ എംഎൽഎയുണ്ടാകില്ല. ഈ സാഹചര്യത്തിൽ തൽക്കാലത്തേയ്ക്ക് വിധി സ്റ്റേ ചെയ്യണമെന്നാണ് ഷാജിയുടെ ആവശ്യം.

വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കിയെന്ന പരാതിയില്‍ കെ.എം ഷാജിയെ ഹൈക്കോടതി നേരത്തെ അയോഗ്യനാക്കിയിരുന്നു. അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.എം ഷാജിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി നികേഷ് കുമാറിന്റെ പരാതിയിലാണ് നടപടി. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെ.എം ഷാജി പ്രതികരിച്ചു. ആറ് വര്‍ഷത്തേക്കാണ് കെ.എം ഷാജിയെ അയോഗ്യനാക്കിയിരിക്കുന്നത്. യുഡിഎഫിനെ പ്രതിനിധീകരിച്ച് അഴീക്കോട് വിജയിച്ച മുസ്ലീം ലീഗ് നേതാവാണ് കെ.എം ഷാജി. എം.വി നികേഷ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top