ഡിസി ബുക്ക്‌സിന്റെ പുസ്തകങ്ങള്‍ തടഞ്ഞ് ആര്‍എസ്എസ്; ഹൈന്ദവ വിരുദ്ധ പുസ്തകങ്ങള്‍ വില്‍ക്കരുതെന്ന് താക്കീത്

ഡിസി ബുക്ക്‌സിന്റെ പുസ്തകവുമായി എത്തിയ വണ്ടി തടഞ്ഞ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. തൃശൂരില്‍ ഇന്ന് തുടങ്ങുന്ന ഡിസി ബുക്ക്‌സിന്റെ പുസ്തക മേളയ്ക്കായി കൊണ്ടുവന്ന പുസ്തകങ്ങളാണ് തടഞ്ഞത്. പാറമേക്കാവ് അഗ്രശാലയിലാണ് വര്‍ഷങ്ങളായി ഡിസി ബുക്ക്‌സിന്റെ പുസ്തകമേള നടക്കാറുള്ളത്. എന്നാല്‍ ഇത്തവണ പുസ്തകങ്ങള്‍ വാഹനത്തില്‍ നിന്ന് ഇറക്കാന്‍ സമ്മതിക്കാതെ തടയുകയായിരുന്നു ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍.
എസ് ഹരീഷിന്റെ ‘മീശ’ നോവല്‍ പ്രസിദ്ധീകരിച്ചതാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചൂണ്ടികാണിക്കുന്നത്. ഹിന്ദു വിശ്വാസങ്ങള്‍ക്കെതിരെയുള്ള പുസ്തകം പ്രസിദ്ധീകരിച്ച ഡിസിക്കെതിരെ ഭക്തരുടെ പ്രതിഷേധമുണ്ടെന്നും മേള നടത്താന്‍ അനുവദിക്കാനാവില്ലെന്നുമായിരുന്നു അവരുടെ നിലപാട്. ഇന്നലെ വൈകീട്ടാണ് കോട്ടയത്ത് നിന്ന് പുസ്തകങ്ങളടങ്ങിയ വാഹനം പാറമേക്കാവ് അഗ്രശാലയിലെത്തിയത്.
വിവരമറിഞ്ഞ് ദേവസ്വത്തിലെ ബിജെപി അനുഭാവികള്‍ എതിര്‍പ്പുമായി ആദ്യം രംഗത്തെത്തി. തുടര്‍ന്ന് പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുമെത്തി. ദേവസ്വം അധികൃതരും ഡിസി ബുക്സ് പ്രതിനിധികളും പ്രതിഷേധക്കാരുമായി സംസാരിച്ചുവെങ്കിലും വിട്ടുവീഴ്ചക്ക് അവര്‍ തയ്യാറായില്ല. പ്രതിഷേധം രൂക്ഷമായതോടെ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി.
പുസ്തകമേള നടക്കുന്ന ഹാളിന് മുന്നില്‍ ‘ഹൈന്ദവ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കപ്പെടുന്നില്ല’ എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചാല്‍ മേള നടത്താന്‍ സമ്മതിക്കാമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. തങ്ങള്‍ക്ക് ഇതില്‍ തീരുമാനമെടുക്കാനാവില്ലെന്ന് ഡിസി പ്രതിനിധികള്‍ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here