ഭാര്യയ്ക്കായി താജ്മഹല്‍ പണിത ഫൈസല്‍ ഇനി ഓര്‍മ്മ

faisal

ഭാര്യയ്ക്കായി താജ്മഹല്‍ പണിത ഷാജഹാന്‍ ചക്രവര്‍ത്തിയെ ലോകം അറിയും. താജ്മഹലോളം വന്നില്ലെങ്കിലും തന്റെ ഭാര്യയ്ക്കായി കുഞ്ഞ് താജ്മഹല്‍ ഉണ്ടാക്കിയ ആളാണ്  ഫൈസല്‍ ഹസന്‍ ഖാദ്രി എന്ന ഉത്തര്‍പ്രദേശുകാരന്‍. രൂപത്തില്‍ കുഞ്ഞനാണെങ്കിലും ആ സ്മാരകത്തിന്റെ വലിപ്പം കാഴ്ചയിലല്ലെന്നതാണ് സത്യം. എന്നാല്‍ കഴിഞ്ഞ ദിവസം പ്രണയത്തിന്റെ ആ തിരുസ്വരൂപം ലോകത്തോട് വിട പറഞ്ഞു.

ഒരു വാഹനാപകടത്തിലാണ് ഫൈസല്‍ മരിച്ചത്. 2011ലായിരുന്നു ഫൈസലിന്റെ ഭാര്യയുടെ മരണം. തൊണ്ടയിലെ ക്യാന്‍സര്‍ ബാധ കാരണമായിരുന്നു മരണം. ജീവിത വല്ലരിലെ ആ പ്രാണന്റെ പകുതിയുടെ കൊഴിഞ്ഞ് പോക്ക് ഫൈസലിനെ സമാനതകളില്ലാത്ത ഏകാന്തതയിലേക്കാണ് തള്ളിവിട്ടത്. മക്കള്‍ ഇല്ലാത്തത് ഇതിന്റെ ആഴം കൂട്ടി.  1953 മുതല്‍ , കൃത്യമായി പറഞ്ഞാല്‍ 57വര്‍ഷം തന്റെ നല്ലപാതിയായി ഒപ്പമുണ്ടായിരുന്ന ആളുടെ വിയോഗം പിന്നീട് ഫൈസലിനെ എത്തിയച്ചത് ചെറു താജ്മഹല്‍ സൃഷ്ടിയിലേക്കാണ്.  വീടിനോട് ചേര്‍ന്നാണ് ഈ സ്മാരകം ഇദ്ദേഹം പണി തീര്‍ത്തത്. ഭാര്യയെ അടക്കം ചെയ്തതിന് മുകളിലാണ് ചെറുതാജ്മഹല്‍. തന്റെ തുച്ഛമായ പെന്‍ഷന്‍ തുക ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. പോസ്റ്റുമാസ്റ്ററായിരുന്നു ഫൈസല്‍. ഇതിന് സമീപത്ത് ഫൈസല്‍ തന്നെ അടക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.


ഇവിടെയാണിപ്പോള്‍ ഫൈസലിനെ അടക്കിയിരിക്കുന്നത്. ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്കായി വിദ്യാലയം നിര്‍മ്മിക്കാനായി സ്ഥലം വിട്ട് കൊടുത്ത് വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് ഫൈസല്‍ ഹസന്‍ ഖാദ്രി. പാതി വഴിയില്‍ പണിമുടങ്ങിയ ഈ സ്നേഹ സ്മാരകത്തിന് കാഴ്ചയില്‍ താജ്മഹലിനോളം വലിപ്പമില്ലെങ്കിലും അത്രത്തോളം തലയുയര്‍ത്തി നില്‍ക്കുകയാണ് ആളുകളുടെ മനസുകളില്‍. ഇനി  ഈ സ്മാരകം മാത്രമല്ല, അതിന് സമീപത്തെ ഫൈസലിന്റെ ഖബറും കൂടി അനശ്വര പ്രണയത്തിന്റെ കുടീരമായി ഇനി നമുക്ക് മുന്നിലുണ്ടാകം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top