സനല്‍കുമാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് കുടുംബാംഗങ്ങളുടെ നിരാഹാരം തുടങ്ങി

സനൽകുമാര്‍ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് സനലിന്‍റെ ഭാര്യയും കുടുംബാംഗങ്ങളും ഉപവാസം ആരംഭിച്ചു. നെയ്യാറ്റിൻകരയിൽ സനൽ അപകടത്തിൽ മരിച്ച സ്ഥലത്താണ് പ്രതിഷേധം. സനലിന്‍റെ അച്ഛനും അമ്മയും സഹോദരിയും നാട്ടുകാരുമടക്കം നിരവധി പേര്‍ ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്. വിഎം സുധീരനും ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്. വൈകിട്ട് നാല് മണിവരെയാണ് ഉപവാസം.
അതേസമയം ഡിവൈഎസ്പിയ്ക്ക് എതിരെ കൂടുതല്‍ വകുപ്പുകള്‍ ക്രൈം ബ്രാഞ്ച് ചുമത്തി. മുന്‍കൂര്‍ ജാമ്യത്തിനായി ഹരികുമാര്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയ്ക്ക് എതിരെ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം. സനലിന്‍റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറ് കണ്ടുകൊണ്ട് അതിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിലുള്ളത്.
ലോക്കല്‍ പോലീസ് കൊലപാതക കുറ്റം മാത്രമാണ് ഹരികുമാറിനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ പ്രതികളെ സഹായിച്ചവരും തെളിവു നശിപ്പിച്ചവരും അടക്കം കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതിനാല്‍ പൊലീസിനെ കബളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, സംഘംചേരല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകളും ഹരികുമാറിനെതിരെ ചുമത്തി.
അതേസമയം സനല്‍ മരിച്ച അന്ന് മുതല്‍ ഡിവൈഎസ്പി ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here