സുരക്ഷ ഇല്ലെങ്കിലും ശബരിമലയില്‍ എത്തുമെന്ന് തൃപ്തി ദേശായി

tripthi

പോലീസ് പ്രത്യേക സുരക്ഷ നല്‍കിയില്ലെങ്കിലും ഈ മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ എത്തുമെന്ന് തൃപ്തി ദേശായി. ദര്‍ശനത്തിനിടെ എന്ത് സംഭവിച്ചാലും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാറിനും മുഖ്യമന്ത്രിയ്ക്കുമാണെന്നും തൃപ്തി വ്യക്തമാക്കി. നവംബര്‍ 17 മറ്റ് ആറ് സ്ത്രീകളോടൊപ്പം ശബരിലയില്‍ എത്തുമെന്നാണ് തൃപ്തി ദേശായി പറഞ്ഞിരുന്നത്.

ശബരിമല ദര്‍ശനത്തിന് എത്തുമ്പോള്‍ തൃപ്തി ദേശായിയ്ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന് പോലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് തൃപ്തിയുടെ പ്രതികരണം. പ്രത്യേക സുരക്ഷ വേണമെന്ന് കാണിച്ച് തൃപ്തി ദേശായി മുഖ്യമന്ത്രിയ്ക്കാണ് കത്ത് അയച്ചത്.  എല്ലാ തീര്‍ത്ഥാടകര്‍ക്കും ഉള്ള സുരക്ഷ തൃപ്തിയ്ക്കും നല്‍കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഇന്നലെയാണ് തനിക്കും സംഘത്തിനും സുരക്ഷ നല്‍കണം എന്നാവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവര്‍ക്കും ഈ കത്തിന്റെ പകര്‍പ്പ് തൃപ്തി ദേശായി അയച്ചിരുന്നു. ആറ് പേര്‍ അടങ്ങുന്ന സംഘത്തോടൊപ്പം എത്തുമെന്നാണ് തൃപ്തി ദേശായി വെളിപ്പെടുത്തിയിരുന്നത്. കേരള പോലീസ് മേധാവിയ്ക്കും പുണെ പോലീസ് കമ്മിഷണര്‍ക്കും കത്തിന്റെ പകര്‍പ്പു സമര്‍പ്പിച്ചിട്ടുണ്ട്.ശബരിമലയില്‍ കയറാതെ നാട്ടിലേക്ക് മടങ്ങില്ലെന്നും അതുകൊണ്ട് മടക്കടിക്കറ്റ് എടുത്തിട്ടില്ലെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.
തനിക്ക് ശബരിമല വിഷയത്തില്‍ വലിയ ഭീഷണിയാണുള്ളതെന്നും അത് കൊണ്ട് വിമാനമിറങ്ങുന്നിടം മുതല്‍ സര്‍ക്കാര്‍ ചെലവില്‍ സുരക്ഷ ഒരുക്കണമെന്നുമായിരുന്നു തൃപ്തിയുടെ ആവശ്യം. സുരക്ഷാ ചെലവിനു പുറമേ യാത്രാ, താമസ, ഭക്ഷണച്ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നാണ് ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top