ചെരുപ്പും രാജികത്തുമായി വോട്ടർമാരെ കാണാനെത്തി സ്ഥാനാർത്ഥി ; വീഡിയോ

തെലങ്കാന തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി സ്ഥാനാർത്ഥികൾ രംഗത്ത്. തെലങ്കാനയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ അകുല ഹനുമാന്താണ് ഇന്ന് ‘വെറൈറ്റി’ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പേരിൽ വാർത്തകളിൽ ഇടംനേടിയിരിക്കുന്നത്.
ജഗ്തിയാൽ ജില്ലയിലെ കൊറുത്‌ല മണ്ഡലത്തിലെ വോട്ടർമാരുടെ വീടുകളിലെല്ലാം ചെരുപ്പ് നൽകിക്കൊണ്ടായിരുന്നു അകുലയുടെ പ്രചാരണം. തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയ ശേഷം താൻ ഇപ്പോൾ നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെങ്കിൽ ഈ ചെരുപ്പ് കൊണ്ടുതന്നെ തന്നെ അടിക്കാം എന്നാണ് അകുല പറയുന്നത്.
മാത്രമല്ല തന്റെ രാജികത്തും ചെരുപ്പിനോടൊപ്പം അകുല വോട്ടർമാർക്ക് നൽകുന്നുണ്ട്. താൻ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ ഈ രാജികത്ത് ഉപയോഗിച്ച് ജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും തന്നെ അധികാരത്തിൽ നിന്നും താഴെയിറക്കാമെന്നും അകുല പറയുന്നു.
സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ വേറിട്ട പ്രചരണമെന്നും അകുല പറയുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയാണ് അകുല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here