സ്‌കൂള്‍ നാടകത്തിനെതിരെ പ്രതിഷേധം; മുസ്ലീം വിരുദ്ധതയെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണം

സ്‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിച്ച നാടകം മതവിരുദ്ധമെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണം. എസ്.ഡി.പി.ഐ – മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയെന്ന് ആരോപണം. കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മേമുണ്ട ഹൈസ്‌കൂള്‍ അവതരിപ്പിച്ച നാടകത്തിനെതിരെയാണ് വര്‍ഗീയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. മര്‍ദ്ദനത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. വടകരയിലെ ജില്ലാ കലോത്സവ നഗരിയിലേക്ക് പോവുകയായിരുന്ന മേമുണ്ട സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ആദര്‍ശ് (17), അഭിജിത്ത് (17), യാദവ് (17) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉണ്ണി ആറിന്റെ ‘ബാങ്ക്’ എന്ന കഥയെ ആസ്പദമാക്കി റഫീക്ക് മംഗലശ്ശേരി സംവിധാനം ചെയ്ത ‘കിത്താബ്’ എന്ന നാടകമാണ് കലോത്സവത്തില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത്. റഫീക്ക് മംഗലശേരിയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. നാടകം ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിലേക്ക് അര്‍ഹത നേടി. കുട്ടികളുടെ അനായാസമായ അഭിനയശേഷിയും സംവിധാന മികവും നാടകത്തെ ഒന്നാം സ്ഥാനത്തിന് അര്‍ഹമാക്കി.
അതേസമയം വിവാദങ്ങൾ തെറ്റിദ്ധാരണ മൂലമാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഇസ്ലാംമത വിരുദ്ധമായി നാടകത്തിൽ ഒന്നുമില്ലെന്നും ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ പരിഹരിക്കാൻ തയ്യാറാണെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ വിദ്യാഭ്യാസവകുപ്പിന് പരാതി നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here