Advertisement

‘പെണ്ണിന് ബാങ്ക് വിളിക്കാന്‍ പറ്റൂല്ലേ?’; കലോത്സ വേദിയില്‍ വിവാദമായ നാടകം ഇതാണ് (വീഡിയോ)

November 25, 2018
Google News 0 minutes Read

സ്‌കൂള്‍ കലോത്സവത്തിലെ നാടകത്തിനെതിരെ മുസ്ലീം വര്‍ഗീയ സംഘടനകള്‍ രംഗത്ത്. കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തില്‍ അവതരിപ്പിക്കുകയും ഒന്നാം സ്ഥാനവും എ ഗ്രേഡും സ്വന്തമാക്കുകയും ചെയ്ത ‘കിത്താബ്’ എന്ന നാടകത്തിനെതിരെയാണ് ആക്രമണം.

മുസ്ലീം മതത്തിലെ സ്ത്രീകളുടെ ജീവിതാവസ്ഥയാണ് നാടകത്തിലെ പ്രമേയം. എന്നും ആണുങ്ങള്‍ ഉപയോഗിച്ചതിന്റെ പാതിയാണ് പെണ്ണുങ്ങള്‍ക്ക് വേണ്ടതെന്ന പാട്രിയാര്‍ക്കല്‍ സൊസൈറ്റിയുടെ സ്ത്രീ വിരുദ്ധ കാഴ്ച്ചപ്പാടിനെ ചോദ്യം ചെയ്യുന്ന നാടകമാണ് ‘കിത്താബ്’.

കലോത്സവത്തില്‍ ആസൂത്രിതമായി ഇസ്ലാം വിരുദ്ധത പ്രമേയമാക്കി നാടകം അവതരിപ്പിച്ചെന്നാണ് ആരോപണം. കഴിഞ്ഞദിവസം എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രധാന വേദിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. അതേസമയം വേദിയുടെ ഗേറ്റിന് മുന്നില്‍ വച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു. കലോത്സവ വേദിയിലേക്ക് വര്‍ഗ്ഗീയ സംഘടനയുടെ മാര്‍ച്ച് ഉണ്ടായതോടെ കലോത്സവത്തിനെത്തിയ കുട്ടികളും അധ്യാപകരും ഭീതിയിലായി.

മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അവതരിപ്പിച്ച നാടകമാണ് വിവാദമായത്. ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളാണ് നാടകത്തിലുള്ളതെന്നാണ് വര്‍ഗ്ഗീയവാദികളുടെ ആരോപണം. സോഷ്യല്‍ മീഡിയ വഴി വന്‍ പ്രചാരണമാണ് നാടകത്തിനും സ്‌കൂളിനുമെതിരെ നടക്കുന്നത്. സ്ത്രീകള്‍ക്കും ബാങ്ക് വിളിക്കാന്‍ അവകാശമുണ്ടെന്ന പരാമര്‍ശമാണ് വിവാദമായത്. ഉണ്ണി ആര്‍ എഴുതിയ ‘ബാങ്ക്’ എന്ന കഥയെ അടിസ്ഥാനമാക്കിയാണ് റഫീഖ് മംഗലശേരി രചനയും സംവിധാനവും നിര്‍വഹിച്ച നാടകമാണ് കിത്താബ്. മത്സരത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ച നാടകം സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അതേസമയം തന്റെ കഥയില്‍ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം ഉപയോഗിക്കുമ്പോഴും കഥയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് നാടകത്തിലുള്ളതെന്നാണ് താന്‍ അറിഞ്ഞതെന്ന് ഉണ്ണി പറയുന്നു. കഥ നാടകമാക്കാനുള്ള അനുമതിയും വാങ്ങിയിട്ടില്ല. കിതാബില്‍ വേഷമിട്ട റിയ പര്‍വിന്‍ ആണ് മികച്ച നടി.

ഇസ്ലാമിക പ്രത്യയശാസ്ത്രത്തെ വികലമായാണ് നാടകം ചിത്രീകരിക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ വാദം. മുസ്ലിം സ്ത്രീകളെ എന്തുകൊണ്ട് പള്ളിയില്‍ ബാങ്ക് കൊടുക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചോദിക്കുന്ന നാടകം ഇസ്ലാമിക ആചാരങ്ങളെയും സാംസ്‌കാരത്തെയും അവഹേളിക്കുന്നതാണ്. സംഭാഷണങ്ങള്‍ പലതും ഇസ്ലാമിക വിശ്വാസത്തെ വികൃതമായി ചിത്രീകരിക്കുന്നതാണ്. ഇസ്ലാമിന്റെ വസ്ത്രധാരണ രീതിയെയും ഖുര്‍ആനിലെ പരാമര്‍ശങ്ങളെയും നാടകം അവഹേളിക്കുന്നുവെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

നാടകത്തില്‍ മുക്രിയുടെ നാലാമത്തെ ഭാര്യ തന്റെ ഭര്‍ത്താവിനെ സന്തോഷിപ്പിക്കാന്‍ വേണ്ടി ഭക്ഷണത്തിന് കോഴിയെ പിടിക്കാന്‍ ഓടുന്ന രംഗം ദീര്‍ഘനേരം കാണിക്കുന്നുവെന്നാണ് ഒരു പരാതി. പള്ളിയില്‍ കയറി ബാങ്ക് കൊടുക്കണമെന്ന തന്റെ ആഗ്രഹം മുക്രിയുടെ മകള്‍ വീട്ടുകാരുമായി പങ്കുവയ്ക്കുന്നു. അത് വിശ്വാസത്തിനെതിരാണെന്നും സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകില്ലെന്നും പിതാവ് വിലക്കുന്നു. എന്നാല്‍ പുരുഷന്മാര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ ഹൂറിമാരുണ്ട്, തങ്ങള്‍ക്ക് ഹൂറന്മാരില്ല പിന്നെന്തിനാണ് തങ്ങള്‍ക്ക് സ്വര്‍ഗമെന്ന മകളുടെ ചോദ്യമാണ് വര്‍ഗ്ഗീയ സംഘടനകളെ പ്രകോപിപ്പിക്കുന്നത്.

മകള്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് പ്രേതബാധ മൂലമാണെന്ന് പറഞ്ഞ് ബാപ്പയും ഉമ്മയും അവളുടെ മുഖത്തും ശരീരത്തും തുപ്പുന്ന രംഗവും നാടകത്തിലുണ്ട്. ഇത് സുന്നി വിശ്വാസികളുടെ ആത്മീയ ചികിത്സയെ അവഹേളിക്കുന്നതാണെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. മകളുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിന് വഴങ്ങി പള്ളിയില്‍ സ്ത്രീകള്‍ ഒരുമിച്ച് ബാങ്ക് കൊടുക്കുന്നിടത്താണ് നാടകം അവസാനിക്കുന്നത്. നാടകത്തിന് ലഭിക്കുന്ന നീണ്ട കയ്യടി മുസ്ലിം വിരുദ്ധ പൊതുബോധത്തില്‍ നിന്നുണ്ടാകുന്നതാണെന്നാണ് എസ്ഡിപിഐയുടെ വാദം.

സ്‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിച്ച നാടകം മതവിരുദ്ധമെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണവും നടന്നു. എസ്.ഡി.പി.ഐ – മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയെന്ന് ആരോപണം. കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മേമുണ്ട ഹൈസ്‌കൂള്‍ അവതരിപ്പിച്ച നാടകത്തിനെതിരെയാണ് വര്‍ഗീയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. മര്‍ദ്ദനത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. വടകരയിലെ ജില്ലാ കലോത്സവ നഗരിയിലേക്ക് പോവുകയായിരുന്ന മേമുണ്ട സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ആദര്‍ശ് (17), അഭിജിത്ത് (17), യാദവ് (17) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here