ശബരിമലയില്‍ തിരക്ക് വര്‍ധിച്ചു; സുരക്ഷക്കായി 72 ഹൈടെക് ക്യാമറകള്‍

ശബരിമലയില്‍ അയ്യപ്പ ഭക്തരുടെ തിരക്ക് വര്‍ധിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ വലിയ തിരക്കാണ് അവധി ദിവസമായ ഇന്ന് ശബരിമലയില്‍ അനുഭവപ്പെടുന്നത്. തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ രാവിലെ എട്ട് മുതല്‍ 10 വരെ കെ.എസ്.ആര്‍.ടി.സിയുടെ 150 സര്‍വീസുകള്‍ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് എത്തി.
തിരക്ക് വര്‍ധിച്ചതോടൊപ്പം ശബരിമലയില്‍ സുരക്ഷയും ശക്തമാക്കി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 72 ക്യാമറകള്‍ ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ സ്ഥാപിച്ചിട്ടുണ്ട്. 500 മീറ്റര്‍ ദൂരത്തുള്ളവരെ പോലും വ്യക്തമായി തിരിച്ചറിയാന്‍ വിധത്തിലുള്ള ഹൈടെക് ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ശബരിമലയില്‍ അക്രമങ്ങള്‍ നടത്തിയവരെ തിരിച്ചറിയാനാണിത്. പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയവരില്‍ ആരെങ്കിലും ശബരിമലയിലെത്തിയാല്‍ ഈ ക്യാമറകള്‍ ഉപയോഗിച്ച് അതിവേഗം തിരിച്ചറിയാന്‍ സാധിക്കും. ലുക്ക്ഔട്ട് നോട്ടീസിലുള്ളവര്‍ സന്നിധാനത്ത് എത്തുകയാണെങ്കില്‍ വിവരം കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറാന്‍ സാധിക്കുന്ന വിധമാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
അതീവ സുരക്ഷാ മേഖലകള്‍ ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു. ജഡ്ജി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം ശബരിമലയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കഴിഞ്ഞ ദിവസം നാമജപ പ്രതിഷേധം നടന്ന സമയത്ത് അദ്ദേഹം ശബരിമലയിലുണ്ടായിരുന്നു. ജഡ്ജി അടുത്ത ദിവസം ശബരിമലയിലുണ്ടായ കാര്യങ്ങളെ കുറിച്ച് ഹൈക്കോടതിയെ അറിയിക്കും. അതീവ സുരക്ഷാ മേഖലകളിലൊഴികെ മറ്റെല്ലായിടത്തും ശരണം വിളിക്കാനും നാമജപം ഉരുവിടാനും അനുവാദമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here