‘നില്ല് നില്ല്’ … സാഹസത്തോട് ‘നില്ല്’ പറഞ്ഞ് ജാസി ഗിഫ്റ്റ്

nillu nillu

ടിക് ടോകിലെ നില്ല് നില്ല് എന്ന ചലഞ്ച് ഒരു പരിധി വിടുന്നുണ്ടോ എന്നൊരു സംശയം? വീഡിയോകള്‍ കാണുന്നവര്‍ക്ക് മാത്രമല്ല വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഗാനം ചിട്ടപ്പെടുത്തിയ ജാസി ഗിഫ്റ്റും ഇപ്പോള്‍ ഇതേ സംശയത്തിലാണ്. 2004 ല്‍ റെയിന്‍ റെയിന്‍ കം എഗെയിന്‍ എന്ന ചിത്രത്തിന് വേണ്ടി ജാസി ഗിഫ്റ്റ് സംഗീത സംവിധാനം ചെയ്ത പാട്ടാണ് ടിക് ടോക് രംഗത്തെ പുതിയ ട്രെന്റ്. ഓടുന്ന വാഹനത്തിന് മുന്നില്‍ ചാടി വീണ് തടഞ്ഞ് നിറുത്തി ഡാന്‍സ് കളിക്കുന്നതാണ് ഈ ചലഞ്ച്. തലയില്‍ ഹെല്‍മെറ്റും കയ്യില്‍ പച്ചിലയുമായാണ് ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ പാഞ്ഞുവരുന്ന വാഹനത്തിന് മുന്നിലേക്ക് ഇറങ്ങുന്നത്. അപകടങ്ങള്‍ ക്ഷണിച്ച് വരുത്തരുത് എന്ന് കാണിച്ച് കേരള പോലീസ് ചലഞ്ചിന് എതിരെ രംഗത്ത് എത്തിയിരുന്നു. ഇതേ അഭിപ്രായം തന്നെയാണ് ജാസി ഗിഫ്റ്റിന്.


വര്‍ഷങ്ങള്‍ക്ക് ഗാനത്തിന് ലഭിക്കാതെ പോയ ഹൈപ്പ് ഇപ്പോള്‍ ലഭിച്ചതിന്റെ ആശ്ചര്യത്തിലാണ് നില്ല് നില്ല് എന്ന ഗാനത്തിന് സംഗീതം പകര്‍ന്ന സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റ്. എന്നാല്‍ ഒരു ഫണ്‍ എലമെന്റ് എന്നതില്‍ കവിഞ്ഞ് മുകളിലേക്ക് പോയെന്ന് ജാസി ഗിഫ്റ്റ് ട്വന്റിഫോര്‍ ന്യൂസിനോട് പറഞ്ഞു. തമാശ എന്നതിന് അപ്പുറത്തേക്ക് ചലഞ്ച് പോകരുതെന്നാണ് എന്റെ അഭിപ്രായം. 14കൊല്ലം മുമ്പ് വയറല്‍ എന്ന ടേം ഇല്ലാത്ത കാലത്താണ് ഈ ഗാനം ഇറങ്ങുന്നത്. സോഷ്യല്‍ പ്ലാറ്റ് ഫോമുകളും ഇല്ല.

പഴയ പാട്ട് ഈ തരത്തില്‍ ഹിറ്റ് ആയതില്‍ അതിന്റെ നിര്‍മ്മാതാവ് എന്ന രീതിയില്‍ സന്തോഷിക്കുന്നുണ്ട്. എന്നാല്‍ ചലഞ്ചിന് പുറകിലെ അപകടം ആ സന്തോഷം ആസ്വദിക്കാന്‍ സമ്മതിക്കുന്നില്ലെന്നാണ് സത്യം.

ഒരു ആര്‍ട്ടിനെ പിന്തുടരുക എന്നതിന് പകരം പോപുലറാകുന്നതിന്റെ പുറകെ പോകുക എന്നത് തന്നെയാണ് ഇതിലെ അപകടം. യുവത്വം അങ്ങനെയാണല്ലോ? അത്തരത്തില്‍ ഈ ഗാനം ഇങ്ങോട്ട് എത്തപ്പെട്ടു എന്ന് വേണം കരുതാന്‍. നില്ല് നില്ല് എന്ന വരികളില്‍ നില്‍ക്കുക എന്നതിന് പകരം തടഞ്ഞ് നിറുത്തുക എന്ന അര്‍ത്ഥം കണ്ടെത്തി ഇങ്ങോട്ട് എത്തിപ്പെടുകയായിരുന്നു. ഈണവും മാച്ചായി വരികയും ചെയ്തു. ഫെയ്സ് ബുക്കില്‍ എന്റെ ടൈം ലൈനില്‍ വരുന്ന എല്ലാ നില്ല് നില്ല് ചലഞ്ചും കാണാറുണ്ട്. എന്നാലും ഇതിലെ അപകടം മുന്നില്‍ കാണണമെന്നാണ് എന്റെ അഭിപ്രായം ജാസി ഗിഫ്റ്റ് പറയുന്നു.

Loading...
Top