മധ്യപ്രദേശ്, മിസൊറാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നാളെ

മധ്യപ്രദേശ്, മിസൊറാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും. പരസ്യ പ്രചരണം ഇന്നലെ അവസാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും നേതൃത്വം നൽകിയ പ്രചാരണ പരിപാടികൾക്ക് ശേഷമാണ് തെരഞ്ഞെടുപ്പ്.
ഹിന്ദി ഹൃദയ ഭൂമിയിൽ ചുവടുറപ്പിക്കാൻ കോൺഗ്രസ് പാർട്ടി പതിനെട്ടടവും പയറ്റുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. പതിനഞ്ചു വർഷത്തെ ഭരണ വിരുദ്ധ വികാരവും കാർഷിക പ്രതിസന്ധിയും ചൂണ്ടികാട്ടിയാണ് കോൺഗ്രസ് വോട്ട് തേടുന്നത്. എന്നാൽ നാലാം വട്ടവും ശിവരാജ സിങ് ചൗഹാന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തമെന്ന് ബി ജ പി യും കണക്കു കൂട്ടുന്നു.
അഞ്ചു ശതമാനത്തിലധികം വോട്ടുള്ള ബി എസ് പി യും ചില മണ്ഡലങ്ങളിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. മായാവതിയുടെ ബി എസ് പിയുമായി സഖ്യമുണ്ടാക്കാത്തത് കോൺഗ്രസിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ട്. ഗ്രാമീണ മേഖലയിൽ കോൺഗ്രസ്സിനും നഗരങ്ങളിൽ ബി ജ പി ക്കും പിന്തുണ കൂടുതൽ ആണെന്ന സർവേ ഫലങ്ങളാണ് പുറത്ത് വരുന്നത്. നാല്പത് അംഗ മിസൊരാം നിയമ സഭയിൽ മൂന്നാം വട്ടവും അധികാരം നില നിർത്താമെന്ന ആത്മവിശ്വാസതോടെയാണ് കോൺഗ്രസ് പ്രചരണം അവസാനിപ്പിച്ചത്. എന്നാൽ മിസൊ നാഷണൽ ഫ്രണ്ട്, ബി ജ പിയുമായി ചേർന്ന് നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിലുള്ള ഏക സംസ്ഥാനമാണ് മിസൊറാം. നാളെ വോട്ടെടുപ്പ് നടക്കുന്ന ഇരുസംസ്ഥാനങ്ങളിലെയും ഫലം ഡിസംബർ പതിനൊന്നിനാണു പ്രഖ്യാപിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here