ഭൂമി കേസില്‍ എംഎല്‍എ ജോർജ്ജ് എം തോമസ് ഇന്ന് ലാന്‍റ് ബോർഡിന് മുന്നിൽ ഹാജരാകണം

george m thomas

നിയമം ലംഘിച്ച് മിച്ച ഭൂമി കൈവശം വെച്ച കേസിൽ തിരുവമ്പാടി എംഎല്‍എ ജോർജ്ജ് എം തോമസ് ഇന്ന് ലാന്‍റ് ബോർഡിന് മുന്നിൽ ഹാജരാകണം. എന്നാൽ നിയമസഭ തുടങ്ങുന്ന സാഹചര്യത്തിൽ എംഎൽഎക്ക് വേണ്ടി അഭിഭാഷകനാവും ഹാജരാവുക.

നിയമം ലംഘിച്ച് ജോര്‍ജ്ജ് എം തോമസ് എംഎല്‍എയും സഹോദരങ്ങളും 16.4 ഏക്കര്‍ മിച്ചഭൂമി കൈവശം വച്ചിരിക്കുന്നെന്ന ആരോപണത്തിന് തുടർന്നാണ് ഹാജരാവാനായി എംഎൽഎക്കും സഹോദരങ്ങൾക്കും ലാന്‍റ് ബോർഡ് നോട്ടീസ് നൽകിയത്. ഇന്ന് മുതൽ നിയമസഭ സമ്മേളനം തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ ജോർജ്ജ് എം തോമസ് എംഎൽഎ നേരിട്ട് ഹാജരാവില്ല എന്നാണ് അറിയുന്നത്. എംഎൽഎയും കുടുംബവും മറിച്ച് വിറ്റ മിച്ചഭൂമി വാങ്ങിയവർ ലാന്‍റ് ബോർഡിനെ സമീപിച്ചതോടെ ഭൂമി തിരിച്ച് പിടിക്കാൻ ബോർഡ് ഉത്തരവിട്ടിരുന്നു. തന്‍റെ ഭാഗം കേട്ടില്ലെന്നാരോപിച്ച് എംഎൽഎ ഹൈക്കോടതിയെ സമീപിച്ചതോടെ എംഎൽഎയുടെ ഭാഗം കേട്ട് ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

നോട്ടീസ് അയച്ചെങ്കിലും എംഎൽഎ ബോർഡിന് മുന്നിൽ ഹാജരാവാതായതോടെയാണ് കേസ് നീണ്ട് പോയത്. തുടർന്ന് വിവാദമായതോടെ ലാന്‍റ് റവന്യു സെക്രട്ടറിയോട് റവന്യു മന്ത്രി അടിയന്തിര റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ലാന്‍റ് റവന്യു സെക്രട്ടറി കോഴിക്കോട് ലാന്‍ഡ് ബോര്‍ഡ് ചെയര്‍പേഴ്സണനോടും വിശദീകരണം തേടി. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് കേസില്‍ വീണ്ടും വിചാരണക്ക് ഹാജരാകാന്‍ ജോര്‍ജ്ജ് എം തോമസിനും സഹോദരങ്ങള്‍ക്കും താലൂക്ക് ലാന്‍ഡ് ബോര്‍ഡ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top