ശബരിമല യുവതീ പ്രവേശം; മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് ഇങ്ങനെ

ശബരിമല വിഷയത്തെ കുറിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ വിശദമായി പ്രസംഗിച്ചു. ശബരിമല വിധി നടപ്പിലാക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രളയസമയത്ത് ശബരിമലയില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് യുദ്ധകാല അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചു. അതിനിടെയാണ് കോടതി വിധി വന്നത്. വിധി നടപ്പിലാക്കുക സര്‍ക്കാറിന്റെ ബാധ്യതയാണ്. അതിനാണ് ശ്രമിച്ചതും. എന്നാല്‍, യുഡിഎഫും ബിജെപിയും വിധി നടപ്പിലാക്കുന്നതിനെതിരെ രംഗത്തെത്തുകയായിരുന്നു എന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ഭക്തരെന്ന വ്യാജേന ചെറിയ ഒരു വിഭാഗം പ്രതിഷേധത്തിലേക്കും അക്രമസംഭവങ്ങളിലേക്കും നീങ്ങുകയായിരുന്നു എന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
ശബരിമലയിലെ പ്രശ്‌നങ്ങള്‍ ലോക തലത്തില്‍ അവമതിപ്പ് വരുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌നങ്ങള്‍ നടക്കട്ടെ എന്ന മട്ടില്‍ നോക്കി ഇരിക്കാന്‍ സര്‍ക്കാറിന് ആവില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടുന്നത്.സുപ്രീം കോടതി വിധി തങ്ങള്‍ക്ക് ബാധകമല്ലെന്നും നിയമവാഴ്ച്ച കൈയില്‍ എടുക്കുമെന്നും ഒരു കൂട്ടര്‍ പറഞ്ഞാല്‍ അത് നോക്കി ഇരിക്കാന്‍ സര്‍ക്കാറിന് സധിക്കില്ല. ബാബരി മസ്ജിദ് വിഷയത്തിൽ കോടതി വിധി തങ്ങൾക്ക് ബാധകമല്ലെന്ന് പ്രഖ്യാപിക്കുന്നതിന് സാമാനമാണ് ശബരിമല വിധിയിലും ചിലർ മുന്നോട്ട് വെക്കുന്നത്. ക്രമസമാധാനം തകർക്കാൻ ആരെങ്കിലും ശ്രമിച്ചാൽ, ക്രമസമാധാനം സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിന് നിറവേറ്റണം. അതിന് പല നടപടികളും കൈക്കൊള്ളണം. അതിന്റെ ഭാഗം മാത്രമാണ് നിരോധനാജ്‌ഞ. അയോധ്യയിലും നിരോധനാജ്‌ഞ നിലവിലുണ്ട്. ഭക്തർ സമാധാനപരമായി ശബരിമലയിൽ പോകുന്നത് തടയാൻ ചിലർ മുൻകൂട്ടി പദ്ധതികൾ ആസൂത്രണം ചെയ്തു. ചിലരുടെ വെളിപ്പെടുത്തലുകൾ ഇത് വ്യക്തമാക്കുന്നത്. അക്രമികൾക്ക് അഴിഞ്ഞാടാൻ അവസരം നൽകാനാവില്ല. അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടവരേണ്ടത് സർക്കാറിന്റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം സുഗമമാക്കുക എന്നത് മാത്രമായിരുന്നു സര്‍ക്കാറിന്റെ ലക്ഷ്യം. സമാധാനപരമായ തീർഥാടനം ഉറപ്പുവരുത്താൻ എന്തൊക്കെ ചെയ്യാനാകുമെന്ന് ചർച്ച ചെയ്യാൻ സർവ്വകക്ഷി യോഗം വിളിച്ചു. വിശ്വാസത്തിന്റെ പേരില്‍ മതപരവും രാഷ്ട്രീയപരവുമായ വേര്‍തിരിവിന് ശ്രമം നടക്കുന്നുണ്ട്. എന്നാല്‍, അത് സമ്മതിച്ചുതരാനാവില്ല. ബാബരി മസ്ജിദ് തകര്‍ത്ത സമയത്തുണ്ടായ അഡ്ജസ്റ്റ്‌മെന്റ് ഒന്നും ഈ സര്‍ക്കാര്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭക്തരുടെ സൗകര്യാര്‍ത്ഥമാണ് നിരോധനാജ്ഞ നടപ്പിലാക്കിയത്. നിലവില്‍ നല്ല ഭക്തജനത്തിരക്കാണ് ശബരിമലയില്‍ ഉള്ളത്. നിരോധനാജ്ഞ മൂലം പ്രതിഷേധങ്ങള്‍ നിയന്ത്രിച്ചതിലൂടെയാണ് ഭക്തര്‍ കൂടുതല്‍ ശബരിമലയിലെത്തിയത്. അതുകൊണ്ട് നിലവില്‍ നിരോധനാജ്ഞ പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here