രാജ്യാന്തര ചലച്ചിത്ര മേളയില്‍ തിളങ്ങി മലയാള സിനിമ; നേട്ടം ‘ഈ.മ.യൗ’വിലൂടെ

ഗോവയിൽ നടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ മികച്ച ചിത്രത്തിനുള്ള രജത മയൂരം മലയാള ചിത്രമായ ‘ഈ.മ.യൗ’ കരസ്ഥമാക്കി. ചിത്രത്തിലെ നായകനായി വേഷമിട്ട ചെമ്പൻ വിനോദാണ് മികച്ച നടനുള്ള പുരസ്ക്കാരം നേടിയത്. ചിത്രത്തിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനുള്ള പുരസ്‌ക്കാരവും നേടി. ഈ രണ്ടു പുരസ്‌കാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്.
ഇതാദ്യമായാണ് ഒരു മലയാള സിനിമയ്ക്ക് ഒന്നിൽ കൂടുതൽ പുരസ്കാരങ്ങൾ സ്വന്തമാക്കുന്നത്. കഴിഞ്ഞ തവണ ടേക്ക് ഓഫിലെ അഭിനയത്തിന് നടി പാർവതി മികച്ച നടിക്കുള്ള രജത മയൂരം സ്വന്തമാക്കിയിരുന്നു. ചെഴിയാൻ ഒരുക്കിയ ‘ടു ലെറ്റ്’ പ്രത്യേക ജൂറി പരാമർശം നേടി.
സെർജി ലോസ്നിറ്റ്സ സംവിധാനം ചെയ്ത യുക്രെയിനിയൻ, റഷ്യൻ ചിത്രം ‘ഡോൺബാസ്’ മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം കരസ്ഥമാക്കി. കിഴക്കൻ യുക്രെയിനിലെ ഡോൺബാസ് എന്ന പ്രദേശത്തെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രമാണ് ഡോൺബാസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here