‘സുരേന്ദ്രനെ തടവില്‍ വച്ചിരിക്കുന്നത് അന്യായമായി’; അഡ്വ. രാംകുമാര്‍ (വീഡിയോ)

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പൊലീസ് അന്യായമായി തടവില്‍ വച്ചിരിക്കുകയാണെന്ന് അഡ്വ. കെ. രാംകുമാര്‍. ചിത്തിര ആട്ട വിശേഷത്തിന് ശബരിമല സന്നിധാനത്ത് 52 വയസുകാരിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സുരേന്ദ്രന് വേണ്ടി പത്തനംതിട്ട സെഷന്‍സ് കോടതിയില്‍ ഹാജരായത് രാംകുമാറാണ്.
ഈ മാസം 21 ന് അനുവദിച്ച ജാമ്യത്തില്‍ പറഞ്ഞ ഉപാധികള്‍ എല്ലാം അംഗീകരിച്ച ശേഷവും സുരേന്ദ്രനെ അന്യായമായി പോലീസ് തടവില്‍ വെച്ചിരിക്കുകയാണെന്ന് അഡ്വ. രാംകുമാര്‍ കോടതിയെ ബോധിപ്പിച്ചു. പിന്നീട് 23 നാണ് സുരേന്ദ്രനെതിരെ മറ്റ് കേസുകൾ രജിസ്റ്റർ ചെയ്തതെന്നും ചൂണ്ടിക്കാട്ടിയാണ് രാംകുമാർ വാദിച്ചത്. ഇത്തരത്തിൽ വ്യക്തികളെ കരുതൽ തടങ്കലിൽ വയ്ക്കുന്നത് 2014 സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമ വിരുദ്ധമാണെന്നും രാം കുമാർ വാദിച്ചു.
കേസിലെ 13-ാം പ്രതിയായ കെ സുരേന്ദ്രൻ ഒന്നും രണ്ടും പ്രതികളുമായി സംഭവത്തിന് മുൻപ് ഫോണിൽ ബന്ധപ്പെട്ടിരുന്നതായുള്ള ഫോൺ റിക്കാഡുകൾ ഉള്ളതായി കേസിൽ പ്രോസിക്യുഷന് വേണ്ടി ഹാജരായ അഡ്വ. കെ സി ഈപ്പൻ കോടതിയെ അറിയിച്ചു. കേസിൽ ഇരു ഭാഗത്തിന്റെയും വാദം കേട്ട ശേഷം സെഷൻസ് ജഡ്ജി ജോൺ കെ ഇല്ലിക്കാടൻ വിധി പറയാനായി ഈ മാസം 30 ലേക്ക് മാറ്റി.