സുപ്രിംകോടതി ജഡ്ജ് ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇന്ന് വിരമിക്കും

justice kurian joseph

സുപ്രിംകോടതി ജഡ്ജ് ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇന്ന് വിരമിക്കും. അഞ്ച് വര്‍ഷവും എട്ട് മാസവും നീണ്ട് നിന്ന സേവനത്തിന് ശേഷമാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് സുപ്രിം കോടതിയുടെ പടിയിറങ്ങുന്നത്. പ്രമാദമായ നിരവധി വിധി പ്രസ്താവങ്ങളിലൂടെയം വിയോജിപ്പുകളിലൂടെയും ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ഇടം പിടിച്ചാണ് സുപ്രിം കോടതിയിലെ മലയാളി മുഖമായ ജസ്റ്റിസ്കുര്യന്‍ ജോസഫിന്‍റെ വിരമിക്കല്‍.

ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ക്ക് ശേഷം സുപ്രിം കോടതി ജഡ്ജിയെന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിയ മലയാളിയാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ്. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നും നിയമ ബിരുദം നേടി, 1979ല്‍ സാധാരണ അഭിഭാഷകനായി ആരംഭിച്ച നിയമ ജീവിതത്തിനാണ് ഇന്ന് തിരശ്ശീല വീഴുന്നത്. 1987ല്‍ സംസ്ഥാന സര്‍ക്കാര്‍ പ്ലീഡറായും 1994 മുതല്‍ 96 വരെ സംസ്ഥാന സര്‍ക്കാരിന്‍റെ ആഡീഷണല്‍ അറ്റോര്‍ണി ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2000ലായിരുന്ന കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമതിനായത്. 2010 ഫെബ്രുവരിയില്‍ ഹിമാചല്‍പ്രദേശ് ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം. 2013 മാര്‍ച്ച് എട്ടിന് സുപ്രിം കോടതി ജഡ്ജിയായി. കേസുകള്‍ അതിവേഗം തീര്‍പ്പാക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു അദ്ദേഹം.
അതുകൊണ്ട് തന്നെയാണ് സുപ്രിം കോടതി ജഡ്ജിയെന്ന നിലയില്‍ 1106 വിധി പ്രസ്താവങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനായത്. മുത്തലാഖ് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിച്ചതുള്‍പ്പെടേയുള്ള പ്രമാദമായ ഒട്ടനവധി വിധികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കോടതിക്കകത്തും പുറത്തും വിയോജിപ്പുകള്‍ നിര്‍ഭയമായി പ്രകടിപ്പച്ചു. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രവര്‍ത്തന രീതിക്കെതിരായ വിയോജിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറഞ്ഞ നാല് ജഡ്ജിമാരിലൊരാള്‍ കുര്യന്‍ ജോസഫായിരുന്നു.
യാക്കൂബ് മേമന്‍റെ മരണ വാറന്‍റ് റദ്ദാക്കണമെന്ന വിയോജന വിധിയിലൂടെ ശ്രദ്ധേയനായി. ഏറ്റവും ഒടുവില്‍ വധ ശിക്ഷയുടെ എടുത്ത് കളയേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് സുപ്രിം കോടതിയുടെ പടിയിറങ്ങുന്നത്. അവസാന ദിവസമായ ഇന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയുടെ ബെഞ്ചിലായിരിക്കും കുര്യന്‍ ജോസഫ് പ്രവര്‍ത്തിക്കുക. വൈകിട്ട് നാല് മണിക്ക് സുപ്രിം കോടതിയില്‍ നടക്കുന്ന ചടങ്ങില്‍ ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ കുര്യന്‍ ജോസഫിന് ഓദ്യോഗിക യാത്രയപ്പ് നല്‍കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top