ശബരിമല സമരം; ബിജെപിക്കുള്ളില്‍ പരസ്യ പോര്

ശബരിമല സമരത്തെച്ചൊല്ലി ബിജെപിക്കുള്ളില്‍ പരസ്യ പോര്. സമരം ഒത്തുതീർപ്പാക്കാൻ ആത്മാഭിമാനുള്ള ഒരു ബിജെപി പ്രവർത്തകനും അനുവദിക്കില്ലെന്ന പ്രസ്താവനയുമായി വി.മുരളീധരന്‍ രംഗത്തെത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ ഒത്തുതീർപ്പിന് തയ്യാറാകില്ലെന്നാണ് തോന്നുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ആര്‍എസ്എസും ബിജെപി നിലപാടില്‍ കടുത്ത അതൃപ്തിയിലാണ്.
ശബരിമലയില്‍ ബിജെപി നടത്തി വന്ന സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുന്നുവെന്ന പി.എസ്.ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയാണ് പോരിന് വഴി തുറന്നത്. പരാമര്‍ശത്തിനെതിരെ പരസ്യ വിമര്‍ശനവുമായി വി.മുരളീധരന്‍ രംഗത്തെത്തി. സമരം ഒത്തുതീർപ്പാക്കാൻ ആത്മാഭിമാനുള്ള ഒരു ബിജെപി പ്രവർത്തകനും അനുവദിക്കില്ലെന്നും സംസ്ഥാന അധ്യക്ഷൻ ഒത്തുതീർപ്പിന് തയ്യാറാകില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, തുടർച്ചയായി കേസുകൾ നേരിടുന്ന കെ.സുരേന്ദ്രനെ പുറത്തിറക്കാൻ സംസ്ഥാനനേതൃത്വം ഒന്നും ചെയ്തില്ലെന്ന ആരോപണം വി.മുരളീധരപക്ഷത്തിന് നേരത്തേയുണ്ട്. ഹിന്ദു ഐക്യവേദി പ്രസിഡന്‍റ് കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതിന് ഹർത്താൽ പ്രഖ്യാപിച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് വേണ്ടി ദേശീയപാതാ ഉപരോധം മാത്രമാണ് പ്രഖ്യാപിച്ചതെന്ന് ആക്ഷേപമുണ്ട്.
ഇതിനിടെ, ബിജെപി സമരം ശക്തമാക്കുകയാണ് ചെയ്തതെന്ന വാദവുമായി പിഎസ് ശ്രീധരന്‍ പിള്ള രംഗത്തെത്തി. ശബരിമല വിഷയത്തില്‍ താന്‍ നടത്തിയ എല്ലാ സമരങ്ങളും പൂങ്കാവനത്തിന് പുറത്തായിരുന്നു. ഇപ്പോഴും കര്‍മ്മ സമിതിയുടെ സമരത്തിന് ബിജെപി പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട്. സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് വ്യാപിപ്പിക്കുകയാണ് ബിജെപി ചെയ്തതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ബിജെപി സമരം നിര്‍ത്തിയെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. എന്നാല്‍ ശബരിമല സമരവുമായി ബന്ധപ്പെട്ട് സന്നിധാനത്തടക്കം ഇനി ബിജെപി നേരിട്ടിറങ്ങേണ്ടെന്ന് ആര്‍എസ്എസ് വ്യക്തമാക്കിക്കഴിഞ്ഞു. ബിജെപി നിലപാടുകള്‍ തിരിച്ചടിയായ സാഹചര്യത്തിലാണ് നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here