ശബരിമല; ഹൈക്കോടതിയിലുള്ള 22 റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് സര്‍ക്കാര്‍

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള വിധി നടപ്പിലാക്കാന്‍ സുപ്രീം കോടതിയുടെ സഹായം തേടി സംസ്ഥാന സര്‍ക്കാര്‍. കോടതിയില്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കി. വിധിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള 22 റിട്ട് ഹര്‍ജികള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതിയിലേക്ക് മാറ്റണം. സുപ്രീം കോടതി വിധി രാഷ്ട്രീയവത്കരിക്കാന്‍ ചില സംഘടനകള്‍ ശ്രമിക്കുകയാണ്. ഇവര്‍ ശരണ മന്ത്രത്തെ പോലും രാഷ്ട്രീയവത്കരിച്ചു. ഭക്തരെയും ക്ഷേത്രത്തെയും സംരക്ഷിക്കാന്‍ ഒരുക്കിയ സന്നാഹങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയാണെന്നും അതിനാല്‍ കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യം.

Read More: ‘ശബരിമലയിലെ സൗകര്യങ്ങള്‍ തൃപ്തികരം’; നിരീക്ഷക സമിതി

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള 22 റിട്ട് ഹര്‍ജികളും സ്റ്റേ ചെയ്ത് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കാന്‍
സര്‍ക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഹര്‍ജിയില്‍ വിശദീകരിക്കുന്നു. കോടതി വിധിയെ രാഷ്ട്രീയവത്കരിക്കാന്‍ ചില വലത് സംഘടനകള്‍ ശ്രമിക്കുകയാണ്. സുപ്രീം കോടതി വിധി ലംഘിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാകുന്നു. ഭക്തരുടെ വേഷത്തിലെത്തിയവര്‍ ദര്‍ശനത്തിനെത്തിയ യുവതികളെ അക്രമിച്ചു. ഈ സാഹചര്യത്തിലാണ് ഭക്തരെയും ക്ഷേത്രത്തെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചത്. ഈ നടപടികളെ ഹൈക്കോടതി തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യമാണ് ഉള്ളതെന്നും, സര്‍ക്കാര്‍ സന്നാഹങ്ങളെ സംരക്ഷിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ലെങ്കില്‍ സര്‍ക്കാര്‍ ക്ലേശത്തിലാകുമെന്നും സര്‍ക്കാര്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top