Advertisement

‘ഇതെന്തൊരു യാദൃച്ഛികത?’; ആശ്ചര്യപ്പെട്ട് ക്രിക്കറ്റ് ലോകം

December 6, 2018
Google News 1 minute Read
Rahul Poojara

ക്രിക്കറ്റ് ലോകം ഞെട്ടിപ്പോയി ഈ യാദൃച്ഛികതയില്‍. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം നടക്കുന്ന ചില കാര്യങ്ങളുണ്ട് ക്രിക്കറ്റില്‍. അത്തരമൊരു യാദൃച്ഛികതയാണ് ഇന്ന് അഡ്‌ലെയ്ഡില്‍ സംഭവിച്ചത്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ ബാറ്റിംഗില്‍ അമ്പേ പരാജയപ്പെട്ടപ്പോള്‍ തുണയായത് ചേതേശ്വര്‍ പൂജാര മാത്രമാണ്. കൂട്ടത്തകര്‍ച്ചയില്‍ നിന്നാണ് പൂജാര ഇന്ത്യയെ രക്ഷിച്ചത്. അതോടെ, മറ്റൊരു പേരും പൂജാരയ്ക്ക് ക്രിക്കറ്റ് ലോകം ചാര്‍ത്തികൊടുത്തു. ഒരു കാലത്ത് ഇന്ത്യയുടെ ഇന്നിംഗ്‌സിന് നെടുംതൂണായി നില്‍ക്കാറുള്ള രാഹുല്‍ ദ്രാവിഡിന്റെ ‘വന്‍മതില്‍’ എന്ന വിശേഷണമാണ് ചേതേശ്വര്‍ പൂജാരയെ തേടി എത്തിക്കൊണ്ടിരിക്കുന്നത്.

 

എല്ലാവരും തോല്‍വി സമ്മതിക്കുന്നിടത്ത് ഒറ്റയാനായി നില്‍ക്കുകയാണ് രാഹുല്‍ ദ്രാവിഡിന്റെ സ്‌റ്റെല്‍. അതേ രീതിയിലുള്ള പ്രകടനമാണ് പൂജാര ഇന്ന് അഡ്‌ലെയ്ഡില്‍ കാഴ്ചവെച്ചത്. എന്നാല്‍, മറ്റൊരു യാദൃച്ഛികതയും രാഹുല്‍ ദ്രാവിഡും ചേതേശ്വര്‍ പൂജാരയും തമ്മിലുണ്ട്. ഇരുവരും ക്രിക്കറ്റ് കരിയറില്‍ പിന്നിട്ട നേട്ടത്തിലാണ് ഈ യാദൃച്ഛികത സ്ഥാനം പിടിച്ചിരിക്കുന്നത്. ഇരു താരങ്ങളും തങ്ങളുടെ കരിയറില്‍ 3000, 4000, 5000 റണ്ണുകള്‍ തികച്ച രീതിയാണ് ഇവിടെ ക്രിക്കറ്റ് പ്രേമികളെ ആശ്ചര്യപ്പെടുത്തിയിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇരുവരും 3000 റണ്‍സ് തികച്ചത് അവരുടെ 67-ാം ഇന്നിംഗ്‌സിലായിരുന്നു. അതുപോലെ തന്നെ 4000 റണ്‍സിലേക്കെത്താന്‍ ഇരുവര്‍ക്കും ആവശ്യമായി വന്നത് 84 ഇന്നിംഗ്‌സുകള്‍. ഇന്നിതാ ഓസ്‌ട്രേലിയക്കെതിരെ അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റിലൂടെ പൂജാര ടെസ്റ്റില്‍ 5000 റണ്‍സെന്ന നാഴികകല്ലും പിന്നിട്ടിരിക്കുന്നു. തന്റെ 108-ാം ഇന്നിംഗ്‌സിലാണ് പൂജാര ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയുടെ വന്മതില്‍ രാഹുല്‍ ദ്രാവിഡ് അയ്യായിരം റണ്‍സ് തികച്ചതും തന്റെ 108-ാം ഇന്നിംഗ്‌സില്‍ തന്നെ. അപൂര്‍വ്വമായ ഈ സാമ്യം ക്രിക്കറ്റ് ആസ്വാദകരെ ഞെട്ടിച്ചിരിക്കുകയാണ്.

246 പന്തില്‍ നിന്ന് 123 റണ്‍സാണ് പൂജാര അഡ്‌ലയ്ഡില്‍ സ്വന്തമാക്കിയത്. ഏഴ് ഫോറുകളും രണ്ട് സിക്‌സറുകളും അടങ്ങിയതായിരുന്നു പൂജായരയുടെ ഇന്നിംഗ്‌സ്. ടെസ്റ്റ് ക്രിക്കറ്റിലെ സെഞ്ച്വറികളുടെ എണ്ണത്തില്‍ പൂജാര ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിക്കൊപ്പം എത്തി. പൂജാരയുടെ 16-ാം സെഞ്ച്വറിയായിരുന്നു അഡ്‌ലയ്ഡില്‍ നേടിയത്. ഏഷ്യയ്ക്ക് പുറത്തുള്ള പരമ്പരയുടെ ആദ്യ ദിവസം തന്നെ സെഞ്ച്വറി നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും പൂജാര ഇന്ന് സ്വന്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here