ജിഎൻപിസി അടച്ചു പൂട്ടിച്ചെന്ന് ഋഷിരാജ് സിംഗ്; പ്ലേറ്റിലെ കറി മാത്രമായുണ്ടെന്ന് മാധ്യമ പ്രവർത്തകർ

ഇരുപത് ലക്ഷത്തിലേറെ പേർ അംഗങ്ങളായുള്ള ‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’ (ജി എൻ പി സി ) എന്ന ഫേസ്ബുക്ക് പേജ് അടച്ചു പൂട്ടിച്ചെന്ന് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ്.
എക്സൈസ് സൈബർ വിഭാഗത്തിന്റെ ഇടപെടലാണ് ജി എൻ പി സിയെ കുടുക്കിയത്. പൊലീസിനു സമാനമായ സൈബർ വിഭാഗം എക്സൈസിലും തുടങ്ങിയെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. എക്സൈസിലെ അഞ്ച് ജീവനക്കാരെ പൊലീസ് സൈബർ വിങ്ങിൽ പരിശീലനത്തിന് അയച്ചിരുന്നു. ഇവരാണ് എക്സൈസ് സൈബർ വിഭാഗം നയിക്കുന്നത്.
ജി എൻ പി സിക്ക് 36 അഡ്മിൻമാരുണ്ടെന്നും ഇവരുടെ വീടുകളിൽ എക്സൈസുകാർ എത്തിയെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. ജി എൻ പി സി ഇപ്പോഴുമുണ്ടെന്ന് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ മദ്യത്തിന്റ പ്രചരണമുണ്ടെങ്കിൽ തന്നെ അറിയിക്കാൻ ഋഷിരാജ് സിംഗ് മറുപടി നൽകി. ഭക്ഷണങ്ങളുടേയും യാത്രയുടേയും ചിത്രങ്ങളാണ് ജി എൻ പി സിയിൽ ഇപ്പോൾ പ്രചരിക്കുന്നതെന്ന് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടി.
സാമൂഹ്യ മാധ്യമങ്ങളിലൂടെ മദ്യപാനം പ്രോത്സാഹിപ്പിച്ചു, അനുമതിയില്ലാതെ മദ്യവിരുന്ന് നടത്തി എന്നീ കുറ്റം ചുമത്തി ജിഎൻപിസി അഡ്മിൻ എൽ അജിത് കുമാറിനെ നേരത്തെ എക്സൈസ് പിടികൂടിയിരുന്നു. അജിത്തിന് പിന്നീട് കോടതി ജാമ്യം നൽകി. ഫേസ് ബുക്കിലൂടെ വൈൻ വിൽപ്പന നടത്തി എന്ന കുറ്റം ചുമത്തി മറ്റൊരു അഡ്മിന്റെ പിതാവിനെയും അടുത്തിടെ പിടികൂടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here