നിപയിലും പ്രളയദുരിതാശ്വാസത്തിലും പിണറായി വിജയന് ‘ഗുഡ് സര്‍ട്ടിഫിക്കറ്റ്’; ശബരിമലയില്‍ വന്‍ പരാജയം

സമകാലിക വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ’24’ നടത്തിയ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനങ്ങളെ വിലയിരുത്തിയപ്പോള്‍ നിപ വൈറസിനെ പ്രതിരോധിക്കുന്നതിലും പ്രളയദുരിതാശ്വാസം നടത്തുന്നതിലും പിണറായി വിജയന്‍ സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായി സര്‍വേ ഫലങ്ങള്‍ പറയുന്നു. എന്നാല്‍, ശബരിമല യുവതീപ്രവേശന വിധിയെ തുടര്‍ന്നുള്ള സര്‍ക്കാരിന്റെ ഇടപെടല്‍ അമ്പേ പരാജയമാണെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു.

നിപ വൈറസിനെ നിയന്ത്രിച്ചതില്‍ പിണറായി സര്‍ക്കാരിനെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് സര്‍ക്കാര്‍ ‘നല്ലത്’ എന്ന് 63 ശതമാനം പേര്‍ വോട്ട് ചെയ്തു. ശരാശരി പ്രകടനമെന്ന് 32 ശതമാനം പേര്‍ വിലയിരുത്തി. അഞ്ച് ശതമാനം പേര്‍ മാത്രമാണ് ‘മോശം’ എന്ന് അഭിപ്രായപ്പെട്ടത്.

പ്രളയദുരിതാശ്വാസത്തില്‍ പിണറായി സര്‍ക്കാരിനെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് ‘നല്ലത്’ എന്ന് അഭിപ്രായപ്പെട്ടത് 51 ശതമാനം പേര്‍. ‘ശരാശരി’ പ്രകടനമെന്ന് 37 ശതമാനം പേര്‍ വോട്ട് ചെയ്തു. ‘മോശം’ എന്ന് അഭിപ്രായപ്പെട്ടത് 18 ശതമാനം പേര്‍ മാത്രം.

അതേസമയം, ശബരിമല യുവതീ പ്രവേശത്തെ തുടര്‍ന്നുള്ള സര്‍ക്കാര്‍ നിലപാടിനെ ഭൂരിഭാഗം പേരും എതിര്‍ത്തു. സര്‍ക്കാര്‍ ഇടപെടല്‍ ‘നല്ലത്’ എന്ന് അഭിപ്രായപ്പെട്ടത് 17 ശതമാനം പേര്‍ മാത്രം. ‘ശരാശരി’യെന്ന് 26 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 54 ശതമാനം പേരും ‘മോശം’ എന്നാണ് വിലയിരുത്തിയത്.

സര്‍വേ ഫലങ്ങള്‍ കാണാം:

https://goo.gl/oZhCvQ

’24’ സര്‍വേ ഫലങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top