വനിതാമതിലിൽ വനിതാ ജീവനക്കാരെ പങ്കെടുപ്പിക്കണമെന്ന് സർവ്വീസ് സംഘടനകളോട് ആഭ്യർത്ഥിച്ച് ചീഫ് സെക്രട്ടറിയുടെ സർക്കുലർ

സ്ത്രീ ജീവനക്കാരേയും തൊഴിലുറപ്പ് തൊഴിലാളികളേയും രംഗത്തിറക്കി വനിതാമതിൽ വിജയിപ്പിക്കാൻ സർക്കാർ നീക്കം. വനിതാ ജീവനക്കാരെ പങ്കെടുപ്പിക്കണമെന്ന് സർവ്വീസ് സംഘടനകളോട് ആഭ്യർത്ഥിച്ചു ചീഫ് സെക്രട്ടറി സർക്കുലർ ഇറക്കി. സർക്കുലറിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയപ്പോൾ സർക്കാർ പരിപാടിയാണ് വനിതാ മതിലെന്ന് മന്ത്രിമാർ ആവർത്തിച്ചു.

ജനുവരി ഒന്നിലെ വനിതാ മതിലിൽ മൂന്നര ലക്ഷത്തോളം അദ്ധ്യാപികമാരേയും സ്തീ ജീവനക്കാരെയും പങ്കെടുപ്പിക്കാനാണ് സർക്കാർ നീക്കം. ചീഫ് സെക്രട്ടറി ടോം ജോസ് പുറത്തിറക്കിയ സർക്കുലറിൽ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്ന് സംഘടനകളോട് അഭ്യർത്ഥിച്ചു. സഹകരണസ്ഥാപന ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, അങ്കൻവാടി ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരെയെല്ലാം പങ്കെടുപ്പിക്കണമെന്നാണ് കളക്ടർമാർക്ക് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. സർക്കാർ നീക്കം ആന മണ്ടത്തരമെന്നും സർക്കുലർ പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സർക്കാർ നിലപാടിനെ ന്യായീകരിച്ച് മന്ത്രിമാരും രംഗത്തെത്തി. വനിതാ മതിൽ സർക്കാർ പരിപാടി തന്നെയെന്ന് എംഎം മണിയും കടകംപള്ളി സുരേന്ദ്രനും പറഞ്ഞു. കളക്ടർമാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് വനിതാ മതിൽ ജില്ലാതല സംഘാടക സമിതി രൂപീകരിക്കും. പ്രചരണം പി ആർ ഡി നടത്തും. മന്ത്രിമാർക്കും ജില്ലാതല സംഘാടന ചുമതല നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top