‘ഒടിയനെ’ക്കുറിച്ച് മോഹന്‍ലാലിനും പറയാനുണ്ട് ചിലത്; വീഡിയോ

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ഒടിയന്‍. ചിത്രം പുതുചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഡിസംബര്‍ 14 നാണ് ചിത്രം തീയറ്ററുകളിലെത്തുക. ഇപ്പോഴിതാ സിനിമയെക്കുറിച്ച് ചില വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍. ദുബായില്‍വെച്ചുനടന്ന ഒടിയന്‍ സിനിമയുടെ ഗ്ലോബല്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

‘ഒടിയനു ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് ഒടിയന്‍. ഒടിയന്‍ സിനിമ ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. ഒന്നര വര്‍ഷത്തോഷം ഈ സിനിമയ്‌ക്കൊപ്പം സഞ്ചരിച്ചു. ഒടിയന്‍ വലിയ വിജയമാകട്ടെ’ മോഹന്‍ലാല്‍ പറഞ്ഞു. മഞ്ജു വാരിയര്‍,ആസിഫ് അലി, ശ്രീകുമാര്‍ മേനോന്‍, തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍ തുടങ്ങി നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.

വി എ ശ്രീകുമാര്‍ മേനോന്‍ ആണ് ‘ഒടിയ’ന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മോഹന്‍ലാലിന്റെ ഏറെ വിത്യസ്തമായ രണ്ട് ഗെറ്റപ്പുകളും തകര്‍പ്പന്‍ ആക്ഷന്‍സും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ പുറത്തിറങ്ങിയ ഒടിയന്റെ ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രെയിലറിലെ ആക്ഷനുകള്‍ക്കും ഡയലോഗുകള്‍ക്കുമെല്ലാം നിറഞ്ഞുകൈയടിക്കുന്നുണ്ട് കാഴ്ചക്കാര്‍. ട്രെയിലറിലെ ഈ മികവ് ചിത്രത്തിലും ഉണ്ടാകുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്.

ഒരു കൂട്ടം ഐതിഹ്യങ്ങളും കെട്ടുകഥകളുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പ്രകാശ് രാജ്; രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രത്തെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൊറിയോഗ്രഫി.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്റെ നിര്‍മ്മാണം. സിദ്ദിഖ്, നരേന്‍, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ്, സന അല്‍ത്താഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top