”വിജയ് സേതുപതി നടനല്ല, മഹാനടനാണ്”; മക്കള്‍ സെല്‍വനെക്കുറിച്ച് സ്റ്റൈല്‍ മന്നന്റെ വാക്കുകള്‍

തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനീകാന്തും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും വെള്ളിത്തിരിയില്‍ ഒന്നിക്കുന്ന പേട്ട എന്ന ചിത്രത്തിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ സമൂഹ്യമാധ്യമങ്ങളില്‍ തരംഗാവുകയാണ് വിജയ് സേതുപതിയെക്കുറിച്ച് രജനീകാന്ത് പറഞ്ഞ വാക്കുകള്‍.
“പേട്ട എന്ന സിനിമയില്‍ ജിത്തു എന്ന പേരുള്ള നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. കാര്‍ത്തിക് ചിത്രത്തിന്റെ കഥ പറയുമ്പോള്‍ ജിത്തു എന്ന കഥാപാത്രത്തെ ആരാണ് അവതരിപ്പിക്കുന്നു എന്നതായിരുന്നു എന്റെ ആദ്യത്തെ ചോദ്യം. വിജയ് സേതുപതി ആണെന്നുള്ള കാര്‍ത്തിക്കിന്റെ മറുപടി ഞാന്‍ പ്രതീക്ഷിച്ചത് തന്നെയായിരുന്നു. ആ കഥാപാത്രത്തെ വിജയ് അനശ്വരമാക്കി. വിജയ് സേതുപതി ഒരു നടനല്ല, മറിച്ച് മഹാനടനാണ്. ഇക്കാര്യത്തില്‍ ഒരു സംശയവും ഇല്ല’ എന്നായിരുന്നു സ്റ്റൈല്‍ മന്നന്റെ വാക്കുകള്‍. പേട്ടയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. ഇരുവരുടെയും വാക്കുകള്‍ പേട്ടയെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ്.
തമിഴകത്ത് മാത്രമല്ല മലയാളികള്‍ക്കിടയില്‍പോലും നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ‘മക്കള്‍ സെല്‍വന്‍’ എന്നാണ് തമിഴകത്തെ ആരാധകര്‍ അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നതു പോലും. അഭിനയമികവുകൊണ്ട് തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് വിജയ് സേതുപതി. വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രങ്ങള്‍ക്കെല്ലാം തീയറ്ററുകളില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. അത്രമേല്‍ ആരാധകരുമുണ്ട് വിജയ് സേതുപതിക്ക്.
കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രത്തിന്റെ നിര്‍മാണം. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പെടുത്താവുന്ന ചിത്രം റിലീസിന് മുന്‍പേ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. ഇരട്ട പ്രതിച്ഛായയുള്ള കഥപത്രമായാണ് പേട്ടയില്‍ രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. സിമ്രാന്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘പേട്ട’ എന്ന സിനിമയ്ക്കുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here