ചത്തീസ്ഗഡില്‍ ബിജെപിയോ കോണ്‍ഗ്രസോ?

തൊണ്ണൂറംഗ ചത്തിസ്ഗഡ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ ജനവിധിയും കോൺഗ്രസ്സിനെയും ബി.ജെപിയെയും സംബന്ധിച്ച് എറെ പ്രധാനപ്പെട്ടതാണ്. ഛത്തിസ്ഗഡിലെ ഫലം പിന്നോക്ക സമുദായാംഗങ്ങൾക്കിടയിലെ പാർട്ടികളുടെ സ്വാധീനത്തിന്‍റെ വിലയിരുത്തലാകും. ബി.ജെ.പിയ്ക്കും കോൺഗ്രസ്സിനും വെല്ലുവിളി സമ്മാനിച്ച് മൂന്നാം ശക്തിയായ് മത്സരിച്ച ജനതാകോൺഗ്രസ്സ്- ബി.എസ്.പി- സി.പി.ഐ സഖ്യത്തിന് എത്രമാത്രം നേട്ടം ഉണ്ടാക്കാൻ സാധിച്ചു എന്നതും ശ്രദ്ധേയമാകും.
ചത്തിസ്ഗഡിന്റെ വിധി രണ്ട് വിഷയങ്ങളാകും ഇക്കുറി നിശ്ചയിച്ചിട്ടുണ്ടാകുക. ജാതി സമവാക്യങ്ങളും അജിത് ജോഗി-മായാവതി കൂട്ടുകെട്ടും. 2000 നവംബര്‍ ഒന്നിന് രൂപീകരിച്ച ചത്തീസ്‍ഗഡ് സംസ്ഥാനത്തിന്‍റെ കോണ്‍ഗ്രസില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയാണ് അജിത്ജോഗി. ഇരുവരും അവകാശപ്പെട്ടത് പോലെ അജിത്ജോഗി മായാവതി കൂട്ടുകെട്ടിന് പിന്നിൽ ജനം അണിനിരന്നാൽ അത് കോണ്‍ഗ്രസ്സിന് തിരിച്ചടിയാകും. എന്നാൽ അത്കൊണ്ട് ബി.ജെ.പിയ്ക്ക് ഭരണം നിലനിർത്താൻ അവസരം ആകും എന്ന് നിരിക്ഷിയ്ക്കാനും ഇപ്പോഴാകില്ല. ജാതി സമവാക്യങ്ങളാകും ഇക്കാര്യം നിശ്ചയിക്കുക. ആകെയുള്ള 90 സീറ്റിൽ 39 സീറ്റ് പട്ടിക വിഭാഗ സംവരണമാണ്. 29 സീറ്റുകള്‍ ഗോത്ര വിഭാഗത്തിനും 10 എണ്ണം പട്ടികജാതി വിഭാഗത്തിനും. മായാവതി-അജിത് ജോഗി കൂട്ടുകെട്ടിന്റെ കണ്ണ് ഈ വിഭാഗത്തെ ലക്ഷ്യമിട്ടായിരുന്നു. മഹര്‍, സത്‍നാമി എന്നീ വിഭാഗക്കാര്‍ക്കിടയിൽ വലിയ സ്വാധീനം അജിത്ജോഗിയ്ക്കുണ്ട്. അടിഒഴുക്കുകളിലാണ് ബി.ജെ.പി യ്ക്കും കോൺഗ്രസ്സിനും പ്രതിക്ഷ. ഒരു ഊഴം കൂടി ലഭിയ്ക്കും എന്ന് ഡോ രമൺസിംഗ് കരുതുമ്പോൾ വാജ്പോയുടെ അനന്തിരവൾ അടക്കമുള്ളവർ ബി.ജെ.പി യെ അടിയറവ് പറയിക്കും എന്ന് കോൺഗ്രസ് പ്രതിക്ഷിയ്ക്കുന്നു. 27 ജില്ലകളുള്ള ചത്തീസ്‍ഗഡിലെ ആകെ ജനസംഖ്യ 2.55 കോടിയും വോട്ടര്‍മാർ 1.90 കോടിയും ആണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here