രാജസ്ഥാന്‍ കൊതിച്ച് കോണ്‍ഗ്രസ്

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ കോണ്‍ഗ്രസിനെ ഏറ്റവും സന്തോഷിപ്പിച്ചത് രാജസ്ഥാനാണ്. ഭരണത്തിലിരിക്കുന്ന ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കി വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന പ്രവചനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. 2013 ല്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപിയെ ഇത്തവണ കോണ്‍ഗ്രസ് പരാജയപ്പെടുത്താനുള്ള സാധ്യതകളാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവിടുന്നത്.

ആകെയുള്ള 200 സീറ്റുകളില്‍ 163 സീറ്റ് നേടിയാണ് 2013 ല്‍ ബിജെപി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിന് 2013 ല്‍ ലഭിച്ചതാകട്ടെ വെറും 21 സീറ്റും. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാകട്ടെ ആകെയുള്ള 25 സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. ഇത്തവണ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് രാജസ്ഥാനില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, അവസാനമായി നടന്ന ഉപതെരഞ്ഞെടുപ്പു ഫലങ്ങള് കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നതാണ്. ഇതുവരെ നടന്ന എട്ട് ഉപതെരഞ്ഞെടുപ്പുകളില്‍ ആറിലും കോണ്‍ഗ്രസാണ് വിജയിച്ചത്. ഇതില് അജ്മീര്, അല്‍വാര്‍ ലോക്സഭാ മണ്ഡലങ്ങളും ഉള്‍പ്പെടുന്നു.

ഈ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലെ 17 നിയമസഭാ സീറ്റുകളിലും കോണ്‍ഗ്രസ് മുന്നിലെത്തി എന്നതും ശ്രദ്ധേയമാണ്. തദ്ദേശസ്വയംഭരണ സ്ഥാനപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് മുന്നിലെത്തിയിരുന്നു.

ഉപതെരഞ്ഞെടുപ്പുകളിലെ കനത്ത തോല്‍വി, സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് വസുന്ധരാ രാജെ സിന്ധ്യയ്ക്ക് തന്‍റെ വിശ്വസതനെ മാറ്റേണ്ടി വന്നത്, മുഖ്യമന്ത്രിയും ദേശീയനേതൃത്വവും തമ്മില്‍ അഭിപ്രായ ഭിന്നത. ഭരണവിരുദ്ധവികാരം ശക്തമെന്നു സര്‍വെഫലം. ആകെകൂടി ബിജെപിക്ക് അത്ര നല്ല സമയമല്ല രാജസ്ഥാനില്‍. മുഖ്യമന്ത്രി വസുന്ധരാരാജെ സിന്ധ്യക്കെതിരെ പാര്ട്ടികകത്ത് നിന്നുള്ള ഒളിപ്പോരും ശക്തമാണ്.

വസുന്ധരാ രാജെയെ മാറ്റിയാല്‍ പോലും മോദി തരംഗത്തില്‍ വീണ്ടും വിജയിക്കാമെന്നാണ് എതിരാളികളുടെ വാദം. എന്നാല്‍ സംസ്ഥാന പാര്‍ട്ടിയും ഭരണവും കൈപ്പിടിയിലൊതുക്കി അതിശക്തയായി മാറിയിരിക്കുന്ന വസുന്ധരക്കെതിരെ നീങ്ങാന്‍ കേന്ദ്ര നേതൃത്വത്തിനും അത്ര പെട്ടെന്ന് സാധ്യമല്ല എന്നതാണ് സത്യം.

കോണ്‍ഗ്രസിന്റെ അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റുമാണ് വസുന്ധര രാജെയെ വെല്ലുവിളിച്ച് രാജസ്ഥാനില്‍ കളം നിറഞ്ഞിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top