Advertisement

തെലങ്കാനയില്‍ കെ.സി.ആര്‍ ‘ദ കിംഗ്’ 

December 11, 2018
Google News 0 minutes Read

തെലങ്കാന രാഷ്ട്ര സമിതി അധ്യക്ഷനും തെലങ്കാന കാവല്‍ മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവു ഗാജ്വല്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. 50,000 വോട്ടുകള്‍ക്കാണ് കെ.സി.ആര്‍ വിജയം ഉറപ്പിച്ചത്. വോട്ടെണ്ണല്ലിന്റെ തുടക്കത്തില്‍ ടി.ആര്‍.സിനെ പിന്നിലാക്കി കോണ്‍ഗ്രസ് ലീഡ് ഉയര്‍ത്തിയെങ്കിലും പിന്നീട് കെ.സി.ആറിന്റെ പാര്‍ട്ടി ലീഡ് പിടിച്ചെടുത്തു.

ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ തെലങ്കാനയില്‍ 84 സീറ്റുകളില്‍ ടി.ആര്‍.എസ് ലീഡ് ചെയ്യുകയാണ്. 24 സീറ്റുകളില്‍ കോണ്‍ഗ്രസും മൂന്ന് സീറ്റുകളില്‍ ബിജെപിയും ലീഡ് ചെയ്യുന്നു. മറ്റ് കക്ഷികള്‍ ലീഡ് ചെയ്യുന്നത് എട്ട് സീറ്റുകളിലാണ്. ഇതോടെ കെ. ചന്ദ്രശേഖര റാവു തന്നെ തെലങ്കാനയില്‍ അടുത്ത മുഖ്യമന്ത്രിയാകും.

2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 63 സീറ്റുകളായിരുന്നു തെലങ്കാന രാഷ്ട്ര സമിതി നേടിയിരുന്നത്. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ്, ടിഡിപി, വൈഎസ്ആര്‍സിപി, ബിഎസ്പി എന്നീ പാര്‍ട്ടികളില്‍നിന്നായി 19 അംഗങ്ങള്‍ കൂറുമാറി ടി.ആര്‍.എസില്‍ എത്തുകയായിരുന്നു. കൂറുമാറിയവര്‍ അടക്കം 82 അംഗ എംഎല്‍എമാരുമായാണ് ടി.ആര്‍.എസ് തെലങ്കാന ഭരിച്ചിരുന്നത്. എന്നാല്‍, വീണ്ടും അധികാരത്തിലെത്തുകയെന്ന ലക്ഷ്യത്തോടെ നിയമസഭ നേരത്തേ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു.

2019 മെയ് മാസം വരെ കാലാവധി ഉണ്ടായിരുന്ന നിയമസഭയെയാണ് പിരിച്ചുവിട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ദേശീയ രാഷ്ട്രീയം തെരഞ്ഞെടുപ്പില്‍ മേല്‍കൈ നേടുമെന്നും അത് വഴി തന്റെ വികസനനേട്ടങ്ങള്‍ ചര്‍ച്ചയാകാതെ പോവുമെന്ന വിലയിരുത്തലിലാണ് റാവു ഇത്തരമൊരു തീരുമാനത്തിലെത്തിയത്. മാത്രവുമല്ല, ബന്ധവൈരികളായിരുന്ന കോണ്‍ഗ്രസും ടിഡിപിയും തമ്മിലുള്ള സഖ്യ ചര്‍ച്ചകള്‍ കൂടുതല്‍ സമയം ലഭിക്കരുതെന്നും, നിയമസഭാ തെരഞ്ഞെടുപ്പ് വേറെ നടത്തുകയാണെങ്കില്‍ 12 ശതമാനം വരുന്ന ന്യൂനപക്ഷ വോട്ടുകളും നേടാമെന്ന കണക്കുകൂട്ടലും നിയമസഭ നേരത്തെ പിരിച്ച് വിട്ടതിന് പിന്നിലുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here