കിടക്കാന്‍ വേറെയിടമില്ല; രമേശന്റെ പരാതി പോലീസ് സ്റ്റേഷനില്‍. വീടൊരുക്കി കാക്കി ഏമാന്‍മാര്‍

si

കിടപ്പാടം വേണമെന്ന പരാതി ആര്‍ക്കാണ് നല്‍കേണ്ടതെന്ന് പോലും അറിയാത്തയാളാണ് രമേശന്‍. അത് കൊണ്ട് തന്നെ രമേശന്‍ എത്തിയത് പോലീസ് സ്റ്റേഷനിലാണ്.  ആരൊക്കെയോ ചേര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് വഴി തിരിച്ച് വിട്ടതായിരുന്നു, ഒന്ന് കളിയാക്കാന്‍. എന്നാല്‍ ആ വഴി തന്നെയായിരുന്നു ശരി. വീടില്ലാത്ത രമേശനും കുടുംബത്തിനും വീട് പണി പൂര്‍ത്തിയാക്കാനുള്ള പണം ഇവിടുത്തെ പോലീസുകാര്‍ ചേര്‍ന്ന് പിരിച്ച് കൊടുത്തു.  പോലീസ് സ്റ്റേഷന് മുന്നില്‍ ഐസ്ക്രീം കട നടത്തുന്നയാളും സഹായവുമായി എത്തി.

കാസര്‍കോട് ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ നിന്നാണ് സഹാനുഭൂതിയുടെ നിയമം പാലിക്കുന്ന ഈ നിയമപാലകരുടെ കഥ വരുന്നത്. ചെര്‍ക്കാപ്പാറയിലെ രമേശന്‍ എന്ന യുവാവാണ് പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയത്. ആരും അറിയാതെ പോകുമായിരുന്ന ഒരു പരാതി, എസ്‌ഐ കെ.പി.വിനോദ്കുമാറിന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് പുറം ലോകം അറിഞ്ഞത്.  ഒരു പൗരന്റെ ജീവനും സ്വത്തിനും പൂര്‍ണ്ണമായും ആശ്രയമായിരിക്കുകയാണ് പോലീസ്. പരാതിയുമായി എത്തിയ രമേശെ  മുന്‍പിലെ കസേരയിലിരുത്തി കാര്യങ്ങള്‍ മുഴുവന്‍ ചോദിച്ചറിഞ്ഞു എസ്ഐ.

ബാക്കി വിശേഷങ്ങള്‍ വിനോദിന്റെ ഫെയ്സ് ബുക്കില്‍ വായിക്കാം

ഇന്ന് വളരെ വിചിത്രമായ ഒരു പരാതിയാണ് ബേക്കൽ സ്റ്റേഷനിൽ ലഭിച്ചത്. ബേക്കൽ സ്റ്റേഷൻ പരിധിയിലെ ചെർക്കാപാറ എന്ന സ്ഥലത്തുള്ള രമേശൻ എന്നയാൾ നൽകിയ പരാതിയാണ് സ്റ്റേഷനിലുള്ള ഏവരേയും അത്ഭുതപ്പെടുത്തിയത്.വില്ലേജ് ഓഫീസിലോ, പഞ്ചായത്ത് ഓഫീസിലോ നൽകേണ്ട ഒരു പരാതിയാണ് സ്റ്റേഷനിൽ നൽകിയത്.ചെറിയ ഒരു വീടു പണി പൂർത്തിയാക്കാൻ കഴിയാതെ വിഷമിക്കുകയാണ്.. സഹായിക്കണം… രണ്ടു കുട്ടികളേയും കൊണ്ട് കയറി കിടക്കാൻ വേറെ ഇടമില്ല-…. അതു കൊണ്ടാണ്…. പരാതിക്കാരനായി വന്നയാളെ കണ്ടപ്പോൾ തന്നെ വീട്ടിലെ കാര്യങ്ങൾ വളരെ ദയനീയമാണെന്നു മനസ്സിലായി.. ആരോ ഇയാളെ കളിയാക്കാനായി സ്റ്റേഷനിലേക്ക് പറഞ്ഞു വിട്ടതാണെന്നു മനസ്സിലായി… പക്ഷെ സ്റ്റേഷനിലുള്ള സഹ പ്രവർത്തകരും സ്റ്റേഷൻ പരിധിയിൽ ഐസ് ക്രീം സെയിൽ നടത്തുന്ന സി.എച്ച് എന്ന വ്യക്തിയും ചേർന്ന് വീട് പണി പൂർത്തിയാക്കാൻ രമേശൻ ആവശ്യപ്പെട്ട തുക നൽകിയാണ് അദ്ദേഹത്തെ തിരിച്ചയച്ചത്…. വളരെ ദയ അർഹിക്കുന്ന ഒരു വ്യക്തിയായതിനാൽ സഹകരിക്കാൻ ആർക്കും മടിയുമില്ലായിരുന്നു…. എല്ലാവരുടേയും നല്ല മനസ്സിന് നന്ദി……

മുമ്പും ഇത്തരത്തിലുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനാണ് വിനോദ് കുമാര്‍.ബേക്കൽ ജനമൈത്രി പോലീസിന്റെ ഗൃഹസന്ദർശനത്തിന്റെ ഭാഗമായി സ്റ്റേഷന്‍ പരിധിയിലെ ഒട്ടുമിക്ക വീടുകളിലും വിനോദ് നേരിട്ട് എത്തി കാര്യങ്ങള്‍ ചോദിച്ച് അറിയുകയും. സഹായം വേണ്ടവര്‍ക്ക് ഒട്ടും താമസം കൂടാതെ അവയെല്ലാം നടത്തിക്കൊടുക്കാറുമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top