ചെറുതോണിയിലെ അനധികൃത നിർമ്മാണങ്ങൾക്ക് സ്റ്റോപ് മെമ്മോ; 24 ഇംപാക്റ്റ്

ചെറുതോണിയിലെ അനധികൃത നിർമ്മാണങ്ങൾക്ക് സ്റ്റോപ് മെമ്മോ. വില്ലേജ് ഓഫീസറാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും, ഇനിയും നിർമ്മാണം തുടർന്നാൽ വാഹനവും, ഉപകരണങ്ങളും കസ്റ്റഡിയിൽ എടുക്കുമെന്ന് ചെറുതോണി വില്ലേജ് ഓഫീസർ സജീവൻ പറഞ്ഞു. ചെറുതോണിയിലെ അനധികൃത നിർമ്മാണത്തേപ്പറ്റിയുള്ള 24 വാർത്തയേത്തുടർന്നാണ് നടപടി
പ്രളയം തകർത്തെറിഞ്ഞ ചെറുതോണിയിൽ പുഴ കൈയേറ്റവും അനധികൃത നിർമ്മാണം നടക്കുന്നതായി ഇന്നലെയാണ് 24വാര്‍ത്ത കൊടുത്തത്. ഇടുക്കി ഡാമിന്റെ ക്യാച്ച്‌മെന്റ് പ്രദേശത്തുള്ള ചെറുതോണി പുഴ കൈയേറിയാണു വീടു നിർമ്മാണവും ഹോട്ടൽ നിർമ്മാണവും നടക്കുന്നത്. പ്രളയത്തിൽ പുഴയിൽ വന്നടിഞ്ഞ പാറക്കല്ലുകളാണ് നിർമാണത്തിന് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ചെറുതോണി പുഴ കൈയേറിയ നടത്തിയ എല്ലാ അനധികൃത നിർമ്മാണവും ഇടുക്കി ഡാം തുറന്നു വിടുന്നതിനു മുന്നോടിയായി സർക്കാർ ഒഴിപ്പിച്ചിരുന്നു. ഇതിനുശേഷം പുഴയുടെ വീതി കൂട്ടുകയും ചെയ്തു. ഡാം തുറന്നുവിട്ടപ്പോഴുണ്ടായ വെള്ളപ്പൊക്കത്തിൽ അനധികൃത നിർമ്മാണങ്ങളെല്ലാം നശിച്ചുപോയിരുന്നു. എന്നാൽ മൂന്നു മാസങ്ങൾക്ക് ശേഷം ഇവിടെ വീണ്ടും പുഴ കൈയ്യേറി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ്.
പ്രളയം തകർത്തെറിഞ്ഞ ചെറുതോണിയിൽ പുഴ കൈയേറ്റവും അനധികൃത നിര്‍മ്മാണം
ചെറുതോണി പാലത്തിൽ നിന്ന് നൂറു മീറ്റർ പോലും അകലെയല്ലാതെയാണിത്. വീടും വാണിജ്യ സമുച്ചയങ്ങളുമാണ് ഇങ്ങനെ നിർമ്മിക്കുന്നത്. ഷീറ്റുകൊണ്ടു മറച്ചു രാത്രിയിലാണു നിർമ്മാണം നടത്തുന്നത്. പകൽ സമയത്ത് നിർമ്മാണത്തിനു ആവശ്യമായ സാധനങ്ങൾ ശേഖരിക്കും. രാത്രി വൈദ്യുതി വിളക്കുകളുടെ വെളിച്ചത്തിൽ നിർമ്മാണം നടത്തുകയാണ് ചെയ്യുന്നത്. പകൽ നോക്കിയാൽ പ്രളയത്തിൽ തകർന്നുപോയ കെട്ടിടം ഷീറ്റു കൊണ്ട് മൂടിയിട്ടിരിക്കുകയാണെന്ന് മാത്രമേ തോന്നുകയുള്ളൂ. പ്രളയത്തിൽ പുഴയിൽ അടിഞ്ഞുകൂടിയ പാറക്കല്ലുകളാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.
ടോർച്ചിന്റെ വെളിച്ചത്തിലാണ് പുഴയിൽ നിന്നും പാറ എടുക്കുന്നത്. വീടിന്റെ നിർമ്മാണം ഏറെക്കുറെ പൂർത്തയായ അവസ്ഥയിലാണ്. ഇതേ രീതിയിൽ തന്നെയാണ് പുഴയോടു ചേർന്നുള്ള ഹോട്ടലുകളുടേയും വാണിജ്യ സ്ഥാപനങ്ങളുടേയും നിർമ്മാണം. പുഴ കൈയേറിയുള്ള നിർമ്മാണങ്ങളെല്ലാംപ്രളയത്തിൽ നശിച്ചിരുന്നു. ഇവയുടെ പുനർ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. പുഴയോടു ചേർന്നുള്ള കെട്ടിടത്തിന്റെ താഴത്തെ നിലകൾ പ്രളയത്തിൽ തകർന്നു പോയിരുന്നു. ഈ ഭാഗങ്ങളെല്ലാം വീണ്ടും കോൺക്രീറ്റ് ചെയ്തു പുനർ നിർമ്മിക്കുകയാണ്. ഓരോ ദിവസവുമുള്ള നിർമ്മാണത്തിനു ശേഷം ഇതു വലിയ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മറയ്ക്കും. ഈ തരത്തിലാണു അനധികൃത നിർമ്മാണങ്ങൾ പുരോഗമിക്കുന്നത്. പ്രളയത്തിനുശേഷം എല്ലാ തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും ജില്ലാ ഭരണകൂടം വിലക്കിയിട്ടുണ്ട്. എന്നാൽ ഈ കൈയേറ്റത്തിനും അനധികൃത നിർമ്മാണങ്ങൾക്കും ഈ വിലക്ക് ഒരു തടസമായിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here