കൊച്ചി ബ്യൂട്ടി പാർലറിലെ വെടിവെപ്പ്; ഉപയോഗിച്ചത് പക്ഷികളെ വെടിവയ്ക്കാൻ ഉപയോഗിക്കുന്ന എയർ പിസ്റ്റലെന്ന് കണ്ടെത്തൽ

കൊച്ചി പനമ്പിളി നഗറിലെ ആഡംബര ബ്യൂട്ടി പാർലറിൽ വെടിവയ്പ്പിൽ ഉപയോഗിച്ചത് പക്ഷികളെ വെടിവയ്ക്കാൻ ഉപയോഗിക്കുന്ന എയർ പിസ്റ്റലെന്ന് പോലീസ് കണ്ടെത്തൽ. സംഭവ സ്ഥലത്ത് നിന്നും 3 പെലറ്റുകൾ പോലീസിന് ലഭിച്ചു. അന്യ സംസ്ഥാനക്കാരേയും ലോക്കൽ ഗുണ്ടാ സംഘങ്ങളേയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കി.
പനമ്പിള്ളി നഗറിൽ സിനിമാ താരവും മുൻപ് തട്ടിപ്പ് കേസിൽ പ്രതിയുമായിരുന്ന ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെ ഇന്നലെയാണ് വെടിവെയ്പ്പുണ്ടായത്. സാമ്പത്തിക പ്രശ്നമാണ് വെടിവെയ്പ്പിന് കാരണമെന്ന് പോലിസ് പറയുന്നു. കൊച്ചി പനമ്പിള്ളി നഗറില്‍ ദ നെയില്‍ ആര്‍ട്ടിസ്ട്റി എന്നാണ് ലീന നടത്തുന്ന ആഡംബര ബ്യൂട്ടി പാർലറിന്റെ പേര്.
മൂന്ന് മണിയോടെ രണ്ട് പേര്‍ ബൈക്കിലെത്തിയാണ് ആക്രമണം നടത്തിയത്. ബൈക്ക് സ്ഥാപനത്തിന് താഴെ പാർക്ക് ചെയ്ത ശേഷം ഹെൽമറ്റ് ഊരി മാറ്റാ തെ മുകളിലേയ്ക്ക് കയറി പോവുകയായിരുന്നു. ഇവരിൽ ഒരാളുടെ കൈവശം ഒരു കുറിപ്പും ഉണ്ടായിരുന്നു. അല്പ സമയത്തിന് ശേഷം ഓടി ബൈക്കിൽ കയറിയ ഇവർ രണ്ട് തവണ നിലത്തേയ്ക്ക് വെടിയുതിർന്നു . പിന്നീട് ഇവിടുന്ന് കടന്ന് കളയുകയും ചെയ്തു. അക്രമികൾ വരുന്ന ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
സ്ഥാപന ഉടമ ലീന മരിയ പോളിന് രണ്ടാഴ്ച്ച മുൻപ് 25 കോടി രൂപ ആവശ്യപ്പെട്ട് നിരവധി ഫോൺ കോളുകൾ വന്നതായി പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇക്കാര്യം ഒരാഴ്ച മുൻപ് പോലിസ് ലീനയോട് ചോദിച്ചപ്പോൾ ലീന നിഷേധിച്ചു. എന്നാല്‍ തന്റെ സുരക്ഷയ്ക്കായി ലീന രണ്ട് പേരെ നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വെടിവയ്പ്പ് നടന്നിരിക്കുന്നത്. അതു കൊണ്ട് തന്നെ പണം ആവശ്യപ്പെട്ട സംഘമായിരിക്കാം അക്രമത്തിന് പിന്നാലെന്ന് പോലീസ് സംശയിക്കുന്നു.
നിരവധി തട്ടിപ്പ് കേസൽ പ്രതിയായി തീഹാർ ജയിലിൽ കഴിയുന്ന ലീനയുടെ കാമുകൻ സുകേഷ് ചന്ദ്ര ശേഖരന്റ പക്കൽ കോടികൾ ഉണ്ടെന്നാണ് പ്രചാരണം ഈ പണം ലീന യാണ് കൈകാര്യം ചെയ്യുന്നതെന്ന് ധരിച്ചായിരിക്കാം അജ്ഞാതർ പണം ആവശ്യപ്പെട്ടതെന്ന് പോലീസ് സംശയിക്കുന്നു. ബോംബെയിൽ നിന്ന് ചിലര്‍ ലീനയുടെ സ്ഥാപനത്തിന് നേരെ വെടിവയ്ക്കാൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരം ലഭിച്ചപ്പോൾ പോലീസ് ഇക്കാര്യം ലീനയെ അറിയിച്ചിരുന്നു.
ലീനയുടെ സ്ഥാപനത്തിന് താഴെ അക്രമികൾ കൊണ്ടിട്ട കുറിപ്പിൽ രവി പൂജാരി എന്ന് ഹിന്ദിയിൽ എഴുതിയിട്ടുണ്ട്. മുംബൈയിലെ അധോലോക സംഘ തലവൻമാരിൽ പ്രധാനിയാണ് രവി പൂജാരി.
2013ല്‍ കാനറാ ബാങ്കില്‍ നിന്ന് 19കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ലീന. നിക്ഷേപ തുക ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പറ്റിച്ച കേസിലും പ്രതിയാണ് ലീന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here