പി കെ ശശിക്കെതിരായ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകൾ പുനഃപരിശോധിക്കണം; സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകി പെൺകുട്ടി

പി കെ ശശിക്കെതിരായ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകൾ പുനഃപരിശോധിക്കണമെന്ന് പരാതിക്കാരിയുടെ ആവശ്യം. പെണ്‍കുട്ടി വീണ്ടും സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിലാണ് പെൺകുട്ടി വീണ്ടും പരാതി നൽകിയത്.

ലൈംഗിക പീഡനപരാതിയിൽ പി കെ ശശിക്ക് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ടാണ് പാർട്ടിയുടെ അന്വേഷണ കമ്മീഷൻ നൽകിയതെന്ന വാർത്ത പുറത്തു വന്നതോടെയാണ് പരാതിക്കാരി വീണ്ടും സി പി എം കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്. കേന്ദ്ര കമ്മിറ്റി ഡൽഹിയിൽ ചേരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. വിഷയം യോഗത്തിൽ ചർച്ചയാകുമെന്ന് സൂചനയുമുണ്ട്. പെൺകുട്ടിയുടെ പരാതി ഗൗരവത്തോടെ പരിഗണിച്ചിട്ടില്ലെന്ന അഭിപ്രായം ചില കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കുമുണ്ട്. വി എസിനെ കൂടാതെ സംസ്ഥാനത്ത് നിന്നുള്ള മറ്റ് ചില നേതാക്കൾ ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെട്ടതിൽ ചിലർക്ക് എതിർപ്പുണ്ട്. പരാതിക്ക് അടിസ്ഥാനമില്ലെന്നും പെൺകുട്ടി പരാതി നൽകാൻ വൈകിയെന്നും പരാമർശമുള്ള അന്വേഷന്ന കമ്മീഷൻ റിപ്പോർട്ടിലെ വിവരങ്ങൾ ഇന്നലെ പുറത്തു വന്നിരുന്നു. സംഘടനാ തലത്തിൽ ഗൗരവമുള്ള നടപടി സ്വീകരിച്ചിട്ടും പരാതിക്കാരിയെ അപമാനിക്കുന്ന പരാമർശങ്ങൾ റിപ്പോർട്ടിലുള്ളതാണ് പുതിയ നീക്കത്തിന് കാരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top