ഒ എം ജോര്‍ജിനെ പിടികൂടിയില്ലെങ്കില്‍ നിരാഹാര സമരം; പ്രതിഷേധവുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍

വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ഒ എം ജോര്‍ജിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധവുമായി പെണ്‍കുട്ടിയുടെ കുടുംബം. ജോര്‍ജിനെ പിടികൂടിയില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങാനാണ് മാതാപിതാക്കളുടെ തീരുമാനം.

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഒ എം ജോര്‍ജിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്. എന്നാല്‍ കേസടുത്ത് അഞ്ച് ദിവസമായിട്ടും ഇയാളെ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. ജോര്‍ജിനെ പൊലീസ് രക്ഷപ്പെടാന്‍ അനുവദിച്ചതായാണ് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. ജോര്‍ജിനെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങാനാണ് ഇവരുടെ തീരുമാനം.

അതേസമയം, ജോര്‍ജിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാണെന്ന് പൊലീസ് പറയുന്നു.ജോര്‍ജിന്റെ ബന്ധുവീടുകളില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇയാളുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തിട്ടുണ്ട്. ജോര്‍ജ് കേരളത്തിന് പുറത്തെവിടെയോ ഒളിവില്‍ കഴിയുന്നതായാണ് പൊലീസ് സംശയിക്കുന്നത്. ആദിവാസികള്‍ക്കെതിരായ അതിക്രമങ്ങള്‍ അന്വേഷിക്കുന്ന സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരിക്കാണ് അന്വേഷണ ചുമതല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top