സൗദിയിൽ വിമാന യാത്രക്കാർക്ക് യാത്ര ചെയ്യാൻ ഇനി കാർഗോ ക്ലാസും

cargo class introduced by fly adeel

സൗദിയിൽ വിമാന യാത്രക്കാർക്ക് ഇനി കാർഗോ ക്ലാസിൽ യാത്ര ചെയ്യാം. കാർഗോ സാധനങ്ങൾ കയറ്റുന്ന ഭാഗത്ത് പ്രത്യേക സീറ്റുകൾ അനുവദിക്കും. ബജറ്റ് എയർലൈൻ ആയ ഫ്‌ലൈ അദീൽ ആണ് പുതിയ രീതി പരീക്ഷിക്കുന്നത്.

വളരെ കുറഞ്ഞ ചിലവിൽ വിമാനയാത്ര സാധ്യമാകുന്നതിനാണ് ബജറ്റ് എയർലൈൻ ആയ ഫ്‌ലൈ അദീൽ കാർഗോ ക്ലാസ് ടിക്കറ്റ് പരിചയപ്പെടുത്തുന്നത്. വിമാനത്തിൻറെ താഴ്ഭാഗത്ത് ലഗ്ഗേജുകൾ സൂക്ഷിക്കുന്ന കാർഗോ ഏരിയയിൽ ആണ് സീറ്റുകൾ അനുവദിക്കുക. ഈ ഏരിയയിൽ ലഗ്ഗേജുകൾ വെക്കാത്ത സ്ഥലത്ത് സീറ്റുകൾ ഘടിപ്പിക്കും. സാധാരണ ക്ലാസുകളിൽ ലഭിക്കുന്നത് പോലെ വായു സഞ്ചാരം ലഭിക്കില്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നു ഫ്‌ലൈ അദീൽ മാനേജ്‌മെന്റ്‌റ് അറിയിച്ചു. അതുകൊണ്ട് തന്നെ ഫാനുകളും മറ്റും സ്ഥാപിച്ച് പ്രത്യേക വെന്റിലേഷൻ സാധ്യമാക്കും. ഈ യാത്രക്കാർക്ക് മറ്റു ക്ലാസുകളിലെ യാത്രക്കാരുമായോ വിമാന ജീവനക്കാരുമായോ ബന്ധപ്പെടാൻ സാധിക്കില്ല. ടോയിലറ്റ് സൗകര്യം ഉണ്ടായിരിക്കില്ല. യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് യാത്രക്കാർക്ക് നേരത്തെ നിർദേശങ്ങൾ നൽകും.

ലോകത്ത് തന്നെ ആദ്യമായാണ് ഒരു വിമാനക്കമ്പനി കാർഗോ ക്ലാസിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നത്. ഈ ക്ലാസിൽ യാത്ര ചെയ്യുന്നതിന് പരിമിതികൾ ഉണ്ട്. യാത്രക്കാരുടെ ഭാരം, വലുപ്പം, പ്രായം തുടങ്ങിയവക്കനുസരിച്ചാവും ടിക്കറ്റ് അനുവദിക്കുക. പന്ത്രണ്ട് വയസിനു താഴെയുള്ള കുട്ടികളെ ഈ ക്ലാസിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല. ജനുവരി ഒന്ന് മുതൽ കാർഗോ ക്ലാസിൽ ടിക്കറ്റ് അനുവദിക്കുമെന്ന് ഫ്‌ലൈ അദീൽ മാനെജ്‌മെന്റ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top