പുനർനിർമ്മാണത്തിന് ഫണ്ടില്ലെങ്കിലും സെക്രട്ടറിയേറ്റ് മോടി പിടിപ്പിക്കല്‍ തകൃതി

secretariate

പ്രളയാനന്തരം പുനർനിർമ്മാണത്തിന് ഫണ്ടില്ലാതെ വലയുമ്പോഴും സെക്രട്ടറിയേറ്റ് മോടി പിടിപ്പിക്കാൻ സർക്കാരിന്റെ ധൂർത്ത്. സെക്രട്ടറിയേറ്റിൽ മന്ത്രിമാരുടെ ഓഫീസ് മോടി പിടിപ്പിക്കാനും ചീഫ് സെക്രട്ടറിയുടെയും മറ്റു സെക്രട്ടറിമാരുടെയും ചായ ബില്ലിനുമായി മുടക്കിയത് ലക്ഷങ്ങൾ.

പ്രളയാനന്തര പുനർനിർമ്മാണത്തിനു ചിലവു ചുരുക്കണമെന്നു സർക്കാർ പറയുമ്പോഴും ധൂർത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് സെക്രട്ടറിയേറ്റിൽ നിന്നു പുറത്തു വരുന്നത്. മന്ത്രിമാരായ സി.രവീന്ദ്രനാഥ്, വി.എസ്.സുനിൽകുമാർ, കെ.രാജു എന്നിവരുടെ അനക്സ് രണ്ടിലുള്ള ഓഫീസ് മോടി പിടിപ്പിക്കാനാണ് നാലു ലക്ഷത്തി അൻപതിനായിരം രൂപ അനുവദിച്ചത്. ക്യാബിൻ ക്രമീകരിക്കാനും പരിഷ്കരിക്കാനും വേണ്ടി മാത്രമാണിത്. അനക്സ് രണ്ടിലെ ഏഴാം നിലയിൽ സജ്ജീകരിക്കുന്ന കോൺഫറൻസ് ഹാളിൽ ഉപയോഗിക്കുന്നതിന് തേക്ക് തടിയിൽ നിർമ്മിച്ച 30 സന്ദർശക കസേരകൾ സിഡ്കോയിൽ നിന്നു വാങ്ങുന്നത് രണ്ടു ലക്ഷത്തി നാൽപ്പത്തിയെണ്ണായിരത്തി എഴുന്നൂറ്റി എഴുപത്തിനാല് രൂപ മുടക്കി. ഒരു കസേരയുടെ വില 8, 292 രൂപ. ഇവിടെ ഉപയോഗിക്കാൻ നാൽപത്തിനാലായിരം രൂപ മുടക്കി 20 പെഡസ്ട്രിയൻ ഫാൻ വാങ്ങാനും ഭരണാനുമതി ലഭിച്ചു.

ചീഫ് സെക്രട്ടറിയുടെയും, മറ്റു സെക്രട്ടറിമാരുടെയും ഓഫീസിൽ ചായയും ലഘുഭക്ഷണവും വാങ്ങിയ ഇനത്തിൽ ഒക്റ്റോബർ മാസത്തിൽ കോഫി ഹൗസിന് നൽകിയത് രണ്ടു ലക്ഷത്തി ഇരുപത്തി ആറായിരത്തി ഒരു നൂറ്റി പതിനഞ്ച് രൂപ. പുനർനിർമ്മാണത്തിനു ഫണ്ടില്ലാതെ വലയുന്ന കേരളത്തിലെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ധൂർത്താണ് ഈ കണക്കുകൾ അടിവരയിട്ടു സൂചിപ്പിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top