കേരളം ഇന്ധനനികുതി കുറയ്ക്കണം; ബിജെപി സെക്രട്ടേറിയറ്റ് മാർച്ച് നടത്തും

കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും നികുതി കുറച്ചിട്ടും കേരള സർക്കാർ നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് ബി ജെ പി ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. തിങ്കളാഴ്ച്ച രാവിലെ 11 മണിക്കാണ് മാർച്ച് സംഘടിപ്പിക്കുന്നതെന്നും സംസ്ഥാനം നികുതി കുറയ്ക്കാൻ തയ്യാറാകണമെന്നും ബിജെപി നേതാക്കൾ അറിയിച്ചു.
ഇന്ധനത്തിന്റെ നികുതി ഇനിയും കുറയ്ക്കാനാവില്ലെന്ന് മന്ത്രി കെഎൻ ബാലഗോപാൽ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. അവശ്യവസ്തുകൾ ഉൾപ്പെടെയുള്ള ചരക്കുകളുടെ വില പിടിവിട്ട് കുതിച്ചുയരുന്നതിനാലാണ് കേന്ദ്രസർക്കാർ പെട്രോളിന്‍റെ നികുതി 8 രൂപയും ഡീസലിന് 6 രൂപയും കുറയ്ക്കാൻ നിർബന്ധിതരായത്. ഇത് സ്വാഗതാർഹമായ ഒരു നടപടിയാണ്. എന്നാൽ 2014 മുതൽ നിരന്തരമായി വർധിപ്പിച്ച നികുതിയാണ് നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ കേന്ദ്രസർക്കാർ കുറവു ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: പിണറായി സർക്കാർ പെട്രോളിന് 10 രൂപ കുറയ്ക്കണം; കെ സുരേന്ദ്രൻ
2020 മാർച്ച്, മെയ് കാലയളവിലായി കേന്ദ്രം പെട്രോളിന് 13.32 രൂപയും ഡീസലിന് 17.97 രൂപയും നികുതി വർധിപ്പിച്ചിരുന്നു. ഇപ്പോൾ യഥാർത്ഥത്തിൽ ഈ വർദ്ധനവാണ് കുറവ് ചെയ്തിരിക്കുന്നത്. എന്നാൽ ബിജെപി സർക്കാർ 2014ൽ അധികാരത്തിൽ വരുമ്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയും മാത്രമായിരുന്നു കേന്ദ്ര നികുതി. ഇപ്പോഴത്തെ ഇളവിന് ശേഷവും കേന്ദ്ര പെട്രോള്‍ നികുതി 2014 നേക്കാൾ രണ്ടിരട്ടിയും ഡീസലിന് നാലിരട്ടിയും കൂടുതലാണ്. കേന്ദ്രം 2021 നവംബർ 4ന് ഡീസലിന് നികുതി 10 രൂപയും പെട്രോളിന് 5 രൂപയും കുറച്ചപ്പോൾ യഥാർത്ഥത്തിൽ കേരളത്തിൽ കുറഞ്ഞതാവട്ടെ ഡീസലിന് 12.30 രൂപയും പെട്രോളിന് 6.56 രൂപയുമാണ്. ഇതിൽ 2.30 രൂപ ഒരു ലിറ്റർ ഡീസലിനും 1.56 രൂപ ഒരു ലിറ്റർ പെട്രോളിനും അധികമായി കുറഞ്ഞത് കേരളത്തിന്റെ വകയായിട്ടാണ്. ഇപ്പോള്‍ കേന്ദ്രം നികുതി കുറച്ചതിന്റെ ഫലമായി കേരളത്തിനു പെട്രോള്‍ നികുതിയില്‍ 2.41 രൂപയുടെയും ഡീസലിന് 1.36 രൂപയുടെയും കുറവ് വരും.
കമ്പോളത്തിൽ നിന്നും കടം എടുക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോൾ കേന്ദ്രം കൊണ്ടുവന്നിരിക്കുന്നത്. കേരള സർക്കാർ ഏറ്റെടുത്തു നടത്തുന്ന സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ചെലവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ, വീണ്ടും കേരളം നികുതി കുറയ്ക്കണമെന്ന് വാശിപിടിക്കുന്നവർ ചുരുങ്ങിയ കാലംകൊണ്ട് നികുതി വർദ്ധനവ് വരുത്തിയ കേന്ദ്രനിലപാട് തിരിച്ചറിയുകയാണ് വേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: Kerala should reduce fuel tax; BJP secretariat march
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here