പിണറായി സർക്കാർ പെട്രോളിന് 10 രൂപ കുറയ്ക്കണം; കെ സുരേന്ദ്രൻ

പിണറായി സർക്കാർ പെട്രോളിനും ഡീസലിനും 10 രൂപ നികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര സർക്കാർ ഇത്രയധികം വില കുറച്ച സാഹചര്യത്തിൽ കേരളവും വില കുറയ്ക്കാൻ തയ്യാറാകണം. ജനദ്രോഹ നയത്തിൽ നിന്ന് പിണറായി സർക്കാർ പിൻമാറിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം ബിജെപി സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ഇന്ധനവില കുറച്ച കേന്ദ്ര സർക്കാർ നടപടിയിൽ പരിഹാസവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. 60 ദിവസം കൊണ്ട് പെട്രോൾ വിലയിൽ 10 രൂപയാണ് കൂട്ടിയതെന്ന് രൺദീപ് സുർജേവാല പറഞ്ഞു. ഇത്രയും വില കുത്തനെ കൂട്ടിയ ശേഷം ഇപ്പോൾ പെട്രോൾ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയും കുറച്ച് ജനങ്ങളെ പറ്റിക്കരുത്. ഡീസലിന് പത്ത് രൂപ വർധിപ്പിച്ചിട്ട് ഇപ്പോൾ കുറച്ചത് ഏഴ് രൂപ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.
കടുത്ത പ്രതിഷേധത്തിനൊടുവിൽ രാജ്യത്ത് ഇന്ധനവില കുറച്ചിരുന്നു. പെട്രോൾ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയുമാണ് കുറച്ചത്. പുതുക്കിയ നിരക്ക് അർത്ഥരാത്രി മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്രമന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.
പെട്രോൾ വില 100 രൂപയ്ക്ക് മുകളിലേക്ക് കുതിച്ചുയർന്ന സാഹചര്യത്തിൽ കഴിഞ്ഞ നവംബറിൽ കേന്ദ്രസർക്കാർ തീരുവയിൽ കുറവ് വരുത്തിയിരുന്നു. പിന്നീട് യു.പി, പഞ്ചാബ് ഉൾപ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം പല തവണ വില കൂടിയിരുന്നു.
കൊച്ചിയിൽ പെട്രോൾ വില 105.7 രൂപയായും ഡീസൽ വില 95.08 രൂപയായും കുറയും. പണപ്പെരുപ്പം രൂക്ഷമായതിന്റെ ഭാഗമായാണ് ഇന്ധന വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതരായത്. ഇന്ധനവില വർധനവ് മൂലം ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്ന സാഹചര്യമാണുള്ളത്. പാൽ, പച്ചക്കറി തുടങ്ങിയവയുടെ വില ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. ഇതിൻെ കൂടി പശ്ചാത്തലത്തിലാണ് ഇന്ധനവില കുറയ്ക്കുന്നത്.
Story Highlights: Pinarayi govt should reduce petrol price by Rs 10; K Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here