സൗദിയിലെ യാമ്പുവില്‍ ദുരിതത്തിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായം

സൗദിയിലെ യാമ്പുവില്‍ മലയാളികള്‍ ഉള്‍പ്പെടെ ദുരിതത്തിലായ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായം. മാസങ്ങളായി ശമ്പളം ലഭിക്കാത്ത നിരവധി ഇന്ത്യക്കാരാണ് പരാതിയുമായി ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ചത്.

സൈപ്രസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കരാര്‍ കമ്പനിയുടെ യാമ്പു ബ്രാഞ്ചിലാണ് മലയാളികള്‍ ഉള്‍പ്പെടെ എഴുപതോളം ഇന്ത്യക്കാര്‍ പ്രയാസപ്പെടുന്നത്. താമസവും ഭക്ഷണവും കമ്പനി നല്‍കുന്നുണ്ടെങ്കിലും ഏഴ് മാസത്തോളമായി ശമ്പളമില്ല, മെഡിക്കല്‍ സൗകര്യം ഇല്ല. പലരുടെയും താമസരേഖയായ ഇഖാമയുടെ കാലാവധി തീര്‍ന്നു. കോഴിക്കോട് സ്വദേശി ബഷീര്‍, പെരുമ്പാവൂര്‍ സ്വദേശി ഏലിയാസ്, ചെങ്ങനാശ്ശേരി സ്വദേശികളായ ഉമ്മന്‍ മാത്യു, ജോസഫ് എന്നിവരാണ് കൂട്ടത്തിലെ മലയാളികള്‍.

ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധി സഞ്ചയ്‌ ശര്‍മയും, കോണ്‍സുലേറ്റിന്റെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ അംഗം ശങ്കര്‍ എളങ്കൂരും കഴിഞ്ഞ ദിവസം ഇവരുടെ കേമ്പ് സന്ദര്‍ശിച്ചു. കാലാവധിയുള്ള ഇഖാമയുള്ളവരെ കോണ്‍സുലേറ്റിന്റെ ചിലവില്‍ നാട്ടിലേക്ക് കയറ്റി വിടുമെന്ന് സംഘം ഉറപ്പ് നല്‍കി. അടിയന്തിര ചികിത്സ ആവശ്യമുള്ള പന്ത്രണ്ട് പേര്‍ക്ക് ചികിത്സ നല്‍കും. നാട്ടിലേക്ക് പോകുന്നവരുടെ ശമ്പള കുടിശിക കമ്പനിയില്‍ നിന്നും കോണ്‍സുലേറ്റ് കൈപ്പറ്റി തൊഴിലാളികള്‍ക്ക് എത്തിച്ചു കൊടുക്കും. ഇഖാമയുടെ കാലാവധി തീര്‍ന്നവരെ നാട്ടിലേക്ക് കയറ്റിവിടാനുള്ള നടപടിക്രമങ്ങള്‍ കമ്പനിയുമായി സംസാരിച്ച് പൂര്‍ത്തിയാക്കുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. സൗദിയുടെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് തൊഴിലാളികള്‍ ഈ കമ്പനിക്ക് കീഴില്‍ ജോലി ചെയ്യുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top