ആഞ്ജനേയാ!; ‘ഹനുമാന്‍ ശരിക്കുമൊരു കായിക താരമായിരുന്നു’; വിചിത്ര വാദവുമായി യുപി മന്ത്രി

ഹനുമാന്റെ ജാതിയും മതവും അന്വേഷിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചുനില്‍ക്കെ പുതിയ വാദവുമായി ഉത്തര്‍പ്രദേശിലെ മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന്‍ രംഗത്ത്. ഹനുമാന്റെ ജാതി ആരും ചര്‍ച്ച ചെയ്യരുതെന്നും ഹനുമാന്‍ ഒരു കായിക താരമാണെന്നുമാണ് യുപി കായിക മന്ത്രിയുടെ വിചിത്ര വാദം.

Read More: ‘താത്വികമായ അവലോകനം’; ഹനുമാന്‍ മുസ്ലീമാണെന്ന് ബിജെപി നേതാവ്

നിരവധി കായിക താരങ്ങളാല്‍ ആരാധിക്കപ്പെടുന്ന ദൈവമാണ് ഹനുമാന്‍. അദ്ദേഹത്തിന്റെ ജാതി ചര്‍ച്ച ചെയ്യാന്‍ പാടില്ല. ശത്രുക്കളുമായി മല്ലയുദ്ധം നടത്തുന്ന കായികതാരമാണ് ഹനുമാന്‍ എന്ന് താന്‍ വിശ്വസിക്കുന്നതായും ചേതന്‍ ചൗഹാന്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ എല്ലാ കായിക താരങ്ങളും ഹനുമാനെ ആരാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹനുമാന്‍ ഒരു ദളിത് ആണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ വിവാദ പ്രസ്താവന നടത്തിയിരുന്നു. അതിന് പിന്നാലെ ഹനുമാന്‍ മുസ്ലീം ആണെന്ന വിചിത്ര വാദവുമായി ബിജെപി നേതാവ് ബുക്കല്‍ നവാബ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഹനുമാന്‍ കായിക താരമാണെന്നും അദ്ദേഹത്തെ ഒരു ജാതിയുമായി ബന്ധപ്പെടുത്തേണ്ട ആവശ്യമില്ലെന്നും പറഞ്ഞ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന്‍ രംഗത്തെത്തിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top